ദില്ലി: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി കമൽനാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധികളും വിഷയങ്ങളും ചര്‍ച്ച ചെയ്തതായും സോണിയയുടെ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ട് പോകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കമൽനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

15 മാസമായി ഭരണത്തിലുള്ള കമല്‍നാഥ് സര്‍ക്കാര്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്. 230 അംഗങ്ങളുടെ മധ്യപ്രദേശ് നിയമസഭയില്‍ രണ്ട് സിറ്റിംഗ് എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്ന് നിലവില്‍ 228 അംഗങ്ങളാണുള്ളത്. തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നിലവില്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പരം ആരോപിക്കുന്നത്. അതിനിടെ കോണ്‍ഗ്രസ് എംപിമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റി.

അതോടൊപ്പം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ് എംഎല്‍എ രാജി വച്ചതും കമല്‍നാഥ്  സര്‍ക്കാരിന് തിരിച്ചടിയായി.  ബിജെപി ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ നാല് ഭരണപക്ഷ എംഎല്‍എ മാരില്‍ ഒരാളാണ് രാജിവെച്ച എംഎല്‍എ ഹര്‍ദീപ് സിങ്. ആകെ എട്ട് എംഎല്‍എമാരെ ബിജെപി ഒപ്പം കൊണ്ടു പോയെങ്കിലും ഇതില്‍ നാല് എംഎല്‍എമാരെ കോണ്‍ഗ്രസ് തിരികെ എത്തിച്ചിട്ടുണ്ട്. ഹര്‍ദീപ് സിംഗ് ദാങ് അടക്കം നാല്
എംഎല്‍എമാര്‍ ഇപ്പോഴും ഒളിവിലാണ്. മുപ്പത് കോടി രൂപ വരെ നല്‍കി ബംഗലുരു വൈറ്റ് ഫീല്‍ഡിലേക്ക് ബിജെപി ഇവരെ മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ബിജെപി നിയന്ത്രണത്തിലുളള മറ്റ് എംഎല്‍എമാരും പിന്നാലെ രാജി വച്ചേക്കുമെന്ന് സൂചനയുണ്ട്. ഹര്‍ദീപ് സിംഗ് ദാങ് അടക്കം എട്ട് എംഎല്‍എമാരെ ഒപ്പം നിര്‍ത്തി സര്‍ക്കാരിനെ താഴെയിടാനാണ് ബിജെപി ശ്രമിച്ചത്. 230 അംഗ നിയമസഭയില്‍ 114 സീറ്റുള്ള കോണ്‍ഗ്രസ് ബിഎസ്പി, എസ് പി എന്നീപാര്‍ട്ടികളുടെയും, സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്.