തിവാരിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ ഭാര്യയെ പൊലീസ് ഉപദ്രവിച്ചുവെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചു.

ലഖ്നൗ: ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ അദ്ദേഹത്തിന്‍റെ കുടുംബം. കമലേഷ് തിവാരി കൊല്ലപ്പെട്ടത് സര്‍ക്കാറിന്‍റെ പിടിപ്പുകേടാണെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ട് പോലും അച്ഛന്‍ കൊല്ലപ്പെട്ടത് വീഴ്ചയാണെന്നും മകന്‍ ആരോപിച്ചു. കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണം. ദേശീയ ഏജന്‍സിയെയല്ലാതെ മറ്റാരെയും ഈ കേസില്‍ വിശ്വാസമില്ല.

സുരക്ഷ ഉദ്യോഗസ്ഥരുണ്ടായിട്ടുപോലും കൊല്ലപ്പെട്ടെങ്കില്‍ ഞങ്ങള്‍ എങ്ങനെയാണ് ഇവരെ വിശ്വസിക്കുകയെന്ന് മകന്‍ ചോദിച്ചു. തിവാരിയുടെ അമ്മയും സര്‍ക്കാറിനെതിരെ രംഗത്തെത്തി. കൊലപാതകം നടക്കുമ്പോള്‍ ഒരാള്‍ മാത്രമാണ് തിവാരിയുടെ സുരക്ഷക്കായി ഉണ്ടായിരുന്നതെന്ന് അമ്മ കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഞ്ചിച്ചെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും മതിയായ സുരക്ഷ നല്‍കിയില്ലെന്നും ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തിവാരിയുടെ അമ്മ കുസും തിവാരി പറഞ്ഞു. ചില നിരപരാധികളെയാണ് കുറ്റവാളികളെന്ന് പറഞ്ഞ് പൊലീസ് കൊണ്ടുവന്നിരിക്കുന്നത്.

സംഭവത്തില്‍ മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. മതിയായ സുരക്ഷ നല്‍കിയിരുന്നെങ്കില്‍ മകന്‍ കൊല്ലപ്പെടുമായിരുന്നില്ല. അത് ചെയ്യാത്ത സര്‍ക്കാറില്‍നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാനാണെന്നും അവര്‍ പറഞ്ഞു. മുന്‍ സര്‍ക്കാറിന്‍റെ കാലത്ത് 17 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷക്കുണ്ടായിരുന്നു. യോഗി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ അത് എട്ടാക്കി കുറച്ചു. പിന്നീട് ആറായി കുറച്ചു. സംഭവം നടക്കുമ്പോള്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല മകനെ രക്ഷിക്കാന്‍. മകന് നിരന്തരമായി ഭീഷണിയുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

തിവാരിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ ഭാര്യയെ പൊലീസ് ഉപദ്രവിച്ചുവെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചു. നേരത്തെ, മഹ്‍മുദാബാദിലെ ഒരു ക്ഷേത്രത്തിന്‍റെ നി‍‍‍ർമാണവുമായി ബന്ധപ്പെട്ട് ശിവ് കുമാർ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കൊലപാതകത്തിന് പിന്നില്‍ ഗുപ്‍ത തന്നെയാണെന്നും അവര്‍ ആരോപിച്ചിരുന്നു.