ലഖ്നൗ: ഹിന്ദു സമാജ് പാര്‍ട്ടി നേതാവായിരുന്ന കമലേഷ് തിവാരി കൊല്ലപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായി തിവാരിയുടെ ഭാര്യ. കമലേഷ് തിവാരിയുടെ ഭാര്യ കിരണ്‍ തിവാരിയാണ് ഹിന്ദു സമാജ് പാര്‍ട്ടിയുടെ പുതിയ പ്രസിഡന്‍റ്.  ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. 

പാര്‍ട്ടിയുടെ ചുമതലയേല്‍ക്കാന്‍ തയ്യാറാണെന്നും പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും 40 -കാരിയായ കിരണ്‍ തിവാരി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖുർഷിദാബാദിലെ സ്വവസതിക്ക് സമീപത്ത് വച്ച് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായിരുന്നു. കാവി വസ്ത്രധാരികളായി എത്തിയവര്‍ തിവാരിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ദീപാവലി സമ്മാനം നല്‍കാനെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ഓഫീസിനുള്ളില്‍ കടന്നത്.  

തിവാരിയുടെ  ശരീരത്തില്‍ 15 തവണ കുത്തിയതിന്‍റെ മുറിവുകളുണ്ട്. മുഖത്ത് വെടിവെച്ചതായും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കീഴ്ത്താടിക്കും നെഞ്ചിനും ഇടയിലാണ് കുത്തേറ്റത്. എല്ലാ മുറിവുകള്‍ക്കും 10 സെന്‍റീമീറ്ററോളം ആഴമുണ്ട്. കഴുത്തിലും ആഴത്തിലുള്ള മുറിപ്പാടുകളുണ്ട്. കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ഭാഗമായാണിതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്.