ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കവേ തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. പുതിയ പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന രജനീകാന്തുമായി സഹകരിക്കാൻ തയ്യാറാണെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു. 

ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി രജനീകാന്തുമായി ഒന്നിക്കാൻ തയ്യാറാണെന്നാണ് കമൽഹാസൻ പറഞ്ഞത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത് രജനീകാന്താണെന്നും അദ്ദേഹം പറഞ്ഞു.  അഭിപ്രായവ്യത്യാസങ്ങൾ മാറ്റിനിർത്തി ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും കമൽഹാസൻ ഓർമ്മിപ്പിച്ചു. 

കമലിൻ്റെ പ്രഖ്യാപനത്തോടെ അസാധാരണമായ ഒരു താരരാഷ്ട്രീയസഖ്യത്തിന് തമിഴകം വേദിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കമൽഹാസൻ്റെ മക്കൾ നീതി മെയ്യം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ടുകൾ കരസ്ഥമാക്കിയിരുന്നു. ഇതിലേറെ വോട്ടുകൾ നേടുവാൻ രജനിയുടെ പാർട്ടിക്ക് സാധിക്കും എന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഇരുതാരങ്ങളും ഒന്നിച്ചു നീങ്ങിയാൽ അതു മറ്റു ദ്രാവിഡ പാർട്ടികൾക്ക് കനത്ത വെല്ലുവിളിയാവും സൃഷ്ടിക്കുക.