കൊൽക്കത്ത: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നടി കങ്കണയുടെ ആരാധകന്‍ എന്നവകാശപ്പെടുന്ന പലാഷ് ഗോഷ് എന്നയാളാണ് അറസ്റ്റിലായത്. വീഡിയോ കോളിലൂടെയാണ് ഇയാള്‍ സഞ്ജയ്ക്കുനേരെ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറയുന്നു. 

ഫിറ്റ്‌നസ് ട്രെയിനറായ പലാഷ്, നടിയുടെ ആരാധകനാണെന്നാണ് സ്വയം അവകാശപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊല്‍ക്കത്തയില്‍ പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. പിന്നീട് മുംബൈയിലെത്തിച്ച് ചോദ്യം ചെയ്യും.

കങ്കണയും ശിവസേന നേതാക്കളും തമ്മിൽ വാക്ക്പോരുകൾ നടക്കുന്നതിനിടെയാണ് യുവാവിന്റെ ഭീഷണി. 
മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. പിന്നാലെ ശിവസേനയും രം​ഗത്തെത്തി. മുംബൈയില്‍ പ്രവേശിച്ചാല്‍ കാലു തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ വെല്ലുവിളി ഏറ്റെടുത്ത് കങ്കണ മുംബൈയിലേക്ക് യാത്രയും ചെയ്തു.