മുംബൈ: മുംബൈയിലെ ഓഫീസിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്നതിനെ ബാബര്‍ രാമക്ഷേത്രം പൊളിക്കുന്നതിനോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അനധികൃത നിര്‍മ്മാണം പൊളിക്കാനെത്തിയ മുംബൈ കോര്‍പ്പറേഷന്‍ അനധികൃതരുടെ വരവിനെ ബാബറുടെ പടയോട്ടമായി ഉപമിച്ചാണ് കങ്കണയുടെ ട്വീറ്റ്. 'അത് എനിക്കൊരു കെട്ടിടമല്ല, രാമക്ഷേത്രമാണ്. രാമക്ഷേത്രം തകര്‍ത്ത ചരിത്രം ആവര്‍ത്തിക്കുകയാണിന്ന്. എന്നാല്‍ ബാബര്‍ ഓര്‍ക്കുക, അത് പുനര്‍നിര്‍മ്മിക്കുക തന്നെ ചെയ്യും'- ട്വീറ്റില്‍ കങ്കണ പറയുന്നു. 

കങ്കണയും മഹാരാഷ്‌ട്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് അനധികൃത നിർമ്മാണങ്ങൾ പൊളിക്കാന്‍ മുംബൈ കോര്‍പ്പറേഷന്‍ ആരംഭിച്ചത്. 24 മണിക്കൂർ സാവകാശം നൽകിയിട്ടും രേഖകൾ സമർപ്പിക്കാത്തതിന് പിന്നാലെയായിരുന്നു കോർപ്പറേഷന്‍റെ നടപടി. എന്നാല്‍ പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ബോംബെ ഹൈക്കോടതി അല്‍പം മുമ്പ് നിര്‍ദേശിച്ചു. ഇതോടെ കങ്കണ-മഹാരാഷ്‌ട്ര സര്‍ക്കാര്‍ പോര് നിയമ തലത്തിലെത്തി. 

പാലി ഹില്ലിലെ ഓഫീസിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ശേഷമാണ് മുംബൈ കോർപ്പറേഷൻ അധികൃതര്‍ ഓഫീസ് ഗേറ്റിൽ ഇന്നലെ നോട്ടീസ് പതിപ്പിച്ചത്. അനുമതി വാങ്ങാതെയുള്ള നിർമ്മാണം നിർത്തിയില്ലെങ്കിൽ പൊളിച്ചുകളയുമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് പിന്നാലെ പതിവ് രീതിയിൽ വിമർശനവുമായി കങ്കണയെത്തിയിരുന്നു. തന്‍റെ ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ഇന്നവർ ബുൾഡോസറുകളെത്തിച്ചില്ലെന്നും നടി ട്വീറ്റ് ചെയ്തിരുന്നു.

സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മഹാരാഷ്ട്രാ സർക്കാരിനെയും മുംബൈ പൊലീസിനെയും പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു കങ്കണ. വിമർശനങ്ങൾ പരിധി വിട്ടപ്പോൾ നഗരത്തെ പാക് അധീന കശ്മീരിനോടും താലിബാനോടുമെല്ലാം ഉപമിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്‌ട്രയില്‍ കങ്കണയ്‌ക്കെതിരെ പ്രതിഷേധം കനത്തു. ഹിമാചലിലുള്ള നടി മാപ്പ് പറയാതെ മുംബൈയിലെത്തിയാല്‍ ആക്രമിക്കുമെന്ന് വരെ ശിവസേനാ നേതാക്കൾ പറഞ്ഞു.