'ആദ്യം പുറത്താക്കൽ, ശേഷം തെളിവുണ്ടാക്കൽ, കങ്കാരു കോടതി': 2024ൽ ഇരട്ടി ഭൂരിപക്ഷത്തോടെ തിരിച്ചെത്തുമെന്ന് മഹുവ
എത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കുന്ന ആദ്യ എം പി എന്ന നിലയിൽ അഭിമാനം തോന്നുന്നുവെന്ന് മഹുവ മൊയ്ത്ര

ദില്ലി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. എത്തിക്സ് കമ്മിറ്റി ഇല്ലാത്ത അധികാരം പ്രയോഗിച്ച് തന്നെ പുറത്താക്കാൻ നോക്കുന്നുവെന്ന് മഹുവ വിമര്‍ശിച്ചു. എത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കുന്ന ആദ്യ എം പി എന്ന നിലയിൽ അഭിമാനം തോന്നുന്നു. 2024ല്‍ ഇതിലും വലിയ ഭൂരിപക്ഷത്തോടെ താന്‍ പാര്‍ലമെന്‍റില്‍ തിരിച്ചെത്തുമെന്നും മഹുവ പറഞ്ഞു.
'ആദ്യം പുറത്താക്കൽ. തുടർന്ന് തെളിവുകൾ കണ്ടെത്താൻ സിബിഐയോട് നിര്‍ദേശിക്കാന്‍ സർക്കാരിനോട് ആവശ്യപ്പെടുക. കങ്കാരു കോടതി. ഇതെന്നെ സഹായിക്കും. 2024ല്‍ എന്‍റെ ഭൂരിപക്ഷം ഇരട്ടിയാകും' എന്നാണ് മഹുവ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചത്.
ബിജെപി എംപി വിനോദ് കുമാര്‍ സോങ്കര്‍ ചെയര്‍മാനായ പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദര്‍ശന്‍ ഹീരാനന്ദാനി എന് വ്യവസായിക്ക് പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്‍റെ ലോഗിന്‍ ഐഡിയും പാസ്‍വേഡും കൈമാറിയെന്നും പകരമായി സമ്മാനങ്ങള്‍ കൈപ്പറ്റിയെന്നുമാണ് മഹുവയ്ക്കെതിരായ ആരോപണം.
മഹുവ മൊയ്ത്രയിലൂടെ രാജ്യസുരക്ഷാ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് നല്‍കി. പരസ്യപ്പെടുത്താത്ത 20 ലധികം ബില്ലുകൾ എംപിമാർക്ക് മുൻകൂറായി നൽകിയിരുന്നു. ഇതിലെ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീർ മണ്ഡല പുനർ നിർണയ ബില്ലടക്കം നൽകിയിരുന്നു. ഇക്കാലയളവിലാണ് ലോഗിൻ വിവരങ്ങൾ മഹുവ ഹിരാ നന്ദാനി ഗ്രൂപ്പിന് കൈമാറിയത്. 2019 ജൂലൈ മുതൽ 2023 ഏപ്രിലിൽ വരെ 47 തവണ യു എ ഇയിൽ നിന്ന് ഉപയോഗിച്ചു. ചോദിച്ച 61 ചോദ്യങ്ങളില്‍ 50 ചോദ്യങ്ങളും ഹിരാ നന്ദാനിക്ക് വേണ്ടിയാണെന്നും എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.