Asianet News MalayalamAsianet News Malayalam

കനയ്യയുടെ തീരുമാനം തിരിച്ചടിയാകും; സിപിഐയിൽ ഒരു വിഭാഗത്തിന് അതൃപ്തി, നേതൃത്വത്തിന് വിമർശനം?

കനയ്യകുമാറിന്റേത് വഞ്ചനയെന്ന് രാജ ആഞ്ഞടിക്കുമ്പോൾ, ഈ പാർട്ടി വിട്ടു പോക്ക് സിപിഐ നേതൃത്വത്തിനെതിരെ ഒരു വിഭാഗം ആയുധമാക്കുമെന്ന സൂചനയാണ് കാനം രാജേന്ദ്രൻ നല്കുന്നത്. 

kanhaiya kumar from cpi to congress analysis
Author
Delhi, First Published Sep 28, 2021, 7:25 PM IST

ദില്ലി: രണ്ടായിരത്തി പതിനാറ് മാർച്ച് മൂന്നിന് തിഹാർ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ജെഎൻയുവിൽ (JNU) കനയ്യ കുമാർ (Kanhaiya Kumar) നടത്തിയ  പ്രസംഗം ഒരു ദേശീയ നേതാവിൻറെ ഉദയമായി ഏവരും കണ്ടിരുന്നു. എന്നാൽ അഞ്ചു വർഷത്തിനിപ്പുറം സിപിഐയിൽ (CPI) നിന്ന് പുറത്തു പോകുമ്പോൾ കനയ്യ സ്വയം പുറത്തായെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ( D Raja) പറയുന്നു. കനയ്യകുമാറിന്റേത് വഞ്ചനയെന്ന് രാജ ആഞ്ഞടിക്കുമ്പോൾ, ഈ പാർട്ടി വിട്ടു പോക്ക് സിപിഐ നേതൃത്വത്തിനെതിരെ ഒരു വിഭാഗം ആയുധമാക്കുമെന്ന സൂചനയാണ് കാനം രാജേന്ദ്രൻ (Kanam Rajendran) നല്കുന്നത്. 

കനയ്യ സ്വയം പുറത്താക്കിയിരിക്കുകയാണ്. ഇത് പാർട്ടിയെ വഞ്ചിക്കലാണ്. ഇത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ വഞ്ചിക്കലാണ് എന്നാണ് ഡി രാജ പറഞ്ഞത്. എന്നാൽ, കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിക്കുന്നു. കനയ്യയുടെ തീരുമാനം നിർഭാ​ഗ്യകരമാണ്. സിപിഐ വിട്ട് കനയ്യ പോകില്ല എന്നാണ് കരുതിയത്. അങ്ങനെയാണ് സിപിഐ നേതൃത്വം തന്നോട് പറഞ്ഞത്. കനയ്യയ്ക്ക് ബിഹർ ഘടകവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചതുമാണ്. എന്നിട്ടും എന്തു കൊണ്ട് പാർട്ടി വിട്ടു പോയി എന്നറിയില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കാനം അതൃപ്തി മറച്ചു വച്ചില്ല. കനയ്യയുടെ നീക്കം അഭ്യൂഹമായി നേരത്തെ തള്ളിയത് പാർട്ടിക്ക് ക്ഷീണമായെന്ന് കാനം രാജേന്ദ്രൻ പരോക്ഷമായി പറയുന്നു. കാനം രാജേന്ദ്രനും ഡി രാജയ്ക്കുമിടയിലെ ഭിന്നത മറനീക്കിയിരിക്കെ കനയ്യ  പാർട്ടി വിട്ടതും പുതിയ തർക്കങ്ങൾക്ക് വഴിവെച്ചേക്കും.

സിപിഐ ദേശീയ കൗൺസിലും സമ്മേളനങ്ങളും നടക്കാനിരിക്കെ ഇക്കാര്യം ചർച്ചയാവും. ബീഹാറിലെങ്കിലും പാർട്ടിയെ ശക്തമാക്കാൻ സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങൾ തീർത്ത് കനയ്യയെ പിടിച്ചു നിറുത്തണമായിരുന്നു എന്നാണ് ചില നേതാക്കളുടെ നിലപാട്. അച്ചടക്കമില്ല എന്ന വാദം ഉയർത്തി നേതൃത്വം തിരിച്ചടിക്കും. സിപിഐയിലെ ഒരു നേതാവിനെ കോൺഗ്രസ് കൊണ്ടു പോകുന്നത് ദേശീയതലത്തിൽ രണ്ടു പാർട്ടികളും തമ്മിലുള്ള ബന്ധത്തിലും ഉരസലിന് ഇടയാക്കാം ( ഇത് കോൺ​ഗ്രസ്-സിപിഐ സഹകരണത്തെ ബാധിക്കില്ലെന്നൊക്കെ ഡി രാജ പറഞ്ഞുവെക്കുന്നുണ്ടെങ്കിലും). 

കനയ്യ വരുമ്പോൾ ഇടതുനേതാക്കളോട് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ യുവ ഗ്രാമീണ വോട്ടർമാർ കാട്ടുന്ന വിശ്വാസത്തിലാണ് കോൺഗ്രസിൻറെ കണ്ണ്. പാർട്ടിയിൽ തീവ്രവലതു നിലപാടുള്ള ജി 23 ഗ്രൂപ്പ് നേതാക്കൾക്കുള്ള മറുപടി കൂടിയാണ് കനയ്യയേയും ജിഗ്നേഷ് മെവാനിയേയും ഒപ്പം നിറുത്തി രാഹുൽ ഗാന്ധി നല്കാൻ ശ്രമിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios