ഔറംഗാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്കുമെതിരെ ആരോപണവുമായി സിപിഐ നേതാവും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാർ. ഹിന്ദു-മുസ്ലീം സംഘർഷം സൃഷ്ടിക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്ന് കനയ്യ ആരോപിച്ചു. സി‌എ‌എയ്‌ക്കും എൻ‌ആർ‌സിക്കുമെതിരെ മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ പാത്രിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് മോദിയും ഷായും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ അവർ രാജ്യത്തും ഇതേ തന്ത്രമാണ് സ്വീകരിക്കുന്നത്. പൗരന്മാർ മതപരമായ സംഘർഷങ്ങൾ മാറ്റിനിർത്തി തൊഴിലില്ലായ്മയെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥയെക്കുറിച്ചും സർക്കാരിനെ ചോദ്യം ചെയ്യണം"-കനയ്യകുമാർ പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ആരെങ്കിലും സർക്കാരിനെ ചോദ്യം ചെയ്യുമ്പോൾ,  അദ്ദേഹത്തിന്റെ പൗരത്വത്തെക്കുറിച്ച് മറു ചേദ്യം വരുമെന്നും കനയ്യ ആരോപിച്ചു. പൗരത്വം നൽകുന്നതിന് പകരം അത് ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുകയാണെന്നും കനയ്യകുമാർ പറഞ്ഞു.