ദില്ലി: രാഹുല്‍ ഗാന്ധിയുടെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ പാര്‍ലമെന്‍റില്‍ ഇന്ന് അരങ്ങേറിയത് വന്‍ പ്രതിഷേധം. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി വനിതാ എംപിമാര്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്‍താവന വിശദീകരിച്ച ഡിഎംകെ നേതാവ് കനിമൊഴി മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ രാജ്യത്ത് നടപ്പിലാവുന്നില്ലെന്ന് ആഞ്ഞടിച്ചു.എന്നാല്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് പീഡനത്തിന് ഇരയാകുന്നുണ്ട്. മേക്ക് ഇന്‍ ഇന്ത്യയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്, എന്നാല്‍ എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? ദൗര്‍ഭാഗ്യവശാല്‍ മേക്ക് ഇന്‍ ഇന്ത്യയല്ല നടക്കുന്നത്, മറിച്ച് സത്രീകള്‍ ബലാത്സംഗം ചെയപ്പെടുകയാണന്നും കനിമൊഴി പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം ലോക്സഭയില്‍ ചര്‍ച്ചയാക്കാന്‍ ഒരുങ്ങിയ പ്രതിപക്ഷത്തെ  അപ്രതീക്ഷിത പ്രതിഷേധത്തിലൂടെ പ്രതിരോധിക്കുകയായിരുന്നു ബിജെപി. രാഹുല്‍ ഗാന്ധി രാജ്യത്തെ സ്ത്രീകളെ അപമാനിച്ചു എന്നാരോപിച്ച് ബിജെപി കടുത്ത പ്രതിഷേധമാണ് ലോക്സഭയില്‍ നടത്തിയത്. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ വച്ച് നടന്ന ഒരു രാഷ്ട്രീയ പരിപാടിയില്‍ ഇന്ത്യയിപ്പോള്‍ മേക്ക് ഇന്‍ ഇന്ത്യയല്ല അല്ല റേപ്പ് ഇന്‍ ഇന്ത്യയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് ബിജെപി ഇന്ന് ലോക്സഭയില്‍ വിഷയമാക്കിയത്. ഭരണപക്ഷത്തെ പ്രതിഷേധത്തെ തുടർന്ന് സഭാനടപടികൾ വെട്ടിചുരുക്കി ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.