ദില്ലി: ദില്ലി ജന്തര്‍മന്തറില്‍ നടന്ന സമാധാന റാലിയില്‍ പങ്കെടുത്ത് ബിജെപി നേതാവ് കപില്‍ മിശ്ര. എന്‍ജിഒ സംഘടനയായ ദില്ലി പീസ് ഫോറം സംഘടിപ്പിച്ച സമാധാന റാലിയിലാണ് കപില്‍ മിശ്ര പങ്കെടുത്തത്. ത്രിവര്‍ണ പതാകയുമേന്തി നൂറുകണക്കിനാളുകള്‍ റാലിയില്‍ പങ്കെടുത്തു. ജയ് ശ്രീ റാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളും റാലിയില്‍ മുഴങ്ങി. റാലിയുടെ വീഡിയോ കപില്‍ മിശ്ര തന്നെ ട്വിറ്ററില്‍ പങ്കുവെച്ചു. 

എന്നാല്‍, പ്രസംഗിക്കാനോ വേദിയില്‍ കയറാനോ കപില്‍ മിശ്ര തയ്യാറായില്ല. കപില്‍ മിശ്രയുടെ അനുയായികളും മാര്‍ച്ചില്‍ അണിനിരന്നു. കപില്‍ മിശ്രയെ അനുയായികള്‍ സിംഹമെന്ന് വിശേഷിപ്പിച്ച് മുദ്രാവാക്യം മുഴക്കി. സിഎഎ അനുകൂലികളാണ് മാര്‍ച്ചില്‍ കൂടുതല്‍ പങ്കെടുത്തത്. 'രത്തന്‍ ലാല്‍ എങ്ങനെ കൊല്ലപ്പെട്ടു, ക്ഷേത്രങ്ങള്‍ ആര് കത്തിച്ചു, സ്കൂളുകള്‍ ആര് കത്തിച്ചു' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ റാലിയില്‍ ഉയര്‍ന്നു. ജന്തര്‍മന്തറില്‍ നിന്ന് തുടങ്ങിയ റാലി കോണാട്ട്പ്ലേസില്‍ അവസാനിച്ചു. 

കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും പിന്നീട് ഇപ്പോള്‍ കേസെടുക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു.