Asianet News MalayalamAsianet News Malayalam

'എങ്കിൽ പാർട്ടി ഭരണഘടന മാറ്റട്ടെ', കോൺഗ്രസ് പുനഃസംഘടനയിൽ അതൃപ്തി തുറന്നടിച്ച് സിബൽ

പാർട്ടിയിൽ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളിലൊരാളാണ് സിബൽ. പാർട്ടിക്കകത്ത് തെരഞ്ഞെടുപ്പ് വേണ്ട, ഭാരവാഹിയാകാൻ നോമിനേഷൻ മതിയെന്നാണ് പുതിയ നിയമമെങ്കിൽ പാർട്ടി ഭരണഘടന തന്നെ മാറ്റട്ടെയെന്ന് സിബൽ പറയുന്നു.

kapil sibal against congress reshuffle high command responds
Author
New Delhi, First Published Sep 13, 2020, 11:36 AM IST

ദില്ലി: കോൺഗ്രസിനകത്ത് പുനഃസംഘടനയിൽ അതൃപ്തി നീറിപ്പുകയുകയാണ്. പാർട്ടിയിൽ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളിൽ പലരെയും അവഗണിച്ച് നാമനിർദേശത്തിലൂടെ പുതിയ എഐസിസി ഭാരവാഹികളെ നിയമിച്ച ഹൈക്കമാൻഡ് നടപടികളിൽ പാർട്ടിക്ക് അകത്ത് അമർഷം പുകയുന്നുണ്ട്. ഇത് മാധ്യമങ്ങളോട് തുറന്നടിക്കുകയാണ് മുതിർന്ന നേതാവായ കപിൽ സിബൽ. കത്തയച്ച നേതാക്കളെല്ലാം ചേർന്ന് ഇന്നലെ യോഗം വിളിച്ചതായും നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായുമാണ് റിപ്പോർട്ട്.

അതേസമയം, പുനഃസംഘടനയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനാണ് ശ്രമിച്ചതെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വിശദീകരിക്കുന്നതെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. യുവനേതാക്കൾക്കും കൃത്യമായി പ്രാതിനിധ്യം നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കും യുവനേതാക്കൾക്കുമിടയിലെ ഭിന്നത പരമാവധി പരിഹരിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. പുനഃസംഘടനയോടെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനായിരുന്നു ശ്രമമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം, കേരളത്തിന്‍റെ ചുമതലയിൽ നിന്ന് വർക്കിംഗ് കമ്മിറ്റി അംഗമായ മുകുൾ വാസ്നികിനെ മാറ്റിയത് നേതൃത്വത്തിന്‍റെ തീരുമാനമല്ല, അദ്ദേഹത്തിന്‍റെ സ്വന്തം തീരുമാനമാണെന്നാണ് ഹൈക്കമാൻഡ് പറയുന്നത്. കേരളത്തിന്‍റെ ചുമതലയിൽ നിന്ന് മാറാൻ വാസ്നിക് ഇങ്ങോട്ട് താൽപ്പര്യം അറിയിച്ചതാണ്. കേരളത്തിൽ നിന്ന് മൂന്ന് പേർ ഇപ്പോൾത്തന്നെ പ്രവർത്തകസമിതിയിൽ ഉള്ളതിനാലാണ് ശശി തരൂരിനെ പരിഗണിക്കാത്തതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി നേതൃത്വത്തിന് അപ്രിയമായേക്കാവുന്ന പല പ്രസ്താവനകളും തരൂർ നടത്തിയതിൽ വിവാദങ്ങളുയർന്നിരുന്നതാണ്. നിലവിൽ ഒരു ഭാരവാഹി തെരഞ്ഞെടുപ്പിന് സാഹചര്യമില്ലെന്നും, എന്നാൽ കൃത്യമായ ഒരു സംഘടനാ ചട്ടക്കൂടുണ്ടാക്കേണ്ടത് അനിവാര്യമായതിനാൽ, നോമിനേഷനിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ പറയുന്നത്.

ഒരു ശക്തമായ നേതൃത്വമില്ലെങ്കിൽ പാർട്ടി തകർന്നടിയുമെന്ന് കാണിച്ച്, 23 മുതിർന്ന നേതാക്കൾ സോണിയാഗാന്ധിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ്, പാർട്ടിയിൽ കാര്യമായ പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങിയത്. നിലവിൽ അധ്യക്ഷയായ സോണിയാഗാന്ധിയെ ദിവസം തോറുമുള്ള പ്രവർത്തനങ്ങളിൽ സഹായിക്കാനായി അഞ്ചംഗസംഘത്തെ നിയമിച്ചു. എകെ ആന്‍റണി, അഹമ്മദ് പട്ടേൽ, അംബികാ സോണി, കെ സി വേണുഗോപാൽ, മുകുൾ വാസ്നിക്, രൺദീപ് സിംഗ് സുർജേവാല എന്നിവരെ അംഗങ്ങളായി നിശ്ചയിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പുതിയ പാർട്ടി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി പുനഃസംഘടിപ്പിച്ചു. മധുസൂദൻ മിസ്ത്രി ഇതിന്‍റെ അധ്യക്ഷനായി, രാജേഷ് മിശ്ര, കൃഷ്ണ ബയ്‍രെ ഗൗഡ, എസ് ജോതിമണി, അരവിന്ദർ സിംഗ് ലവ്‍ലി എന്നിവർ അംഗങ്ങളായി. പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചു. ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് ഗുലാം നബി ആസാദിനെയും മല്ലികാർജുൻ ഖർഗെയെയും ഒഴിവാക്കിയത് അദ്ഭുതത്തോടെയാണ് പലരും കണ്ടത്. എന്നാലിവരെ പ്രവർത്തകസമിതിയിൽ നിലനിർത്തുകയും ചെയ്തു. സുർജേവാലയും ജിതേന്ദ്രസിംഗും, താരിഖ് അൻവറും പുതിയ ജനറൽ സെക്രട്ടറിമാരായി. താരിഖ് അൻവറിനാണ് കേരളത്തിന്‍റെ ചുമതല. 

Follow Us:
Download App:
  • android
  • ios