Asianet News MalayalamAsianet News Malayalam

'പഞ്ചാബില്‍ ആരാണ് തീരുമാനമെടുക്കുന്നത്, ഞങ്ങള്‍ക്കറിയില്ല'; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

''പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഇത് ഐഎസ്‌ഐക്കും പാകിസ്ഥാനും നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയര്‍ച്ചയും ഞങ്ങള്‍ക്കറിയാം''.
 

Kapil Sibal criticised congress party leadership on Punjab issue
Author
New Delhi, First Published Sep 29, 2021, 4:49 PM IST

ദില്ലി: പഞ്ചാബ് (Punjab) വിഷയത്തില്‍ കോണ്‍ഗ്രസ് (Congress Party) പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍(Kapil Sibal). പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്ക് പ്രസിഡന്റ് ഇല്ലെന്നും സിബല്‍ പറഞ്ഞു. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഇത് ഐഎസ്‌ഐക്കും(ISI) പാകിസ്ഥാനും(Pakistan) നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയര്‍ച്ചയും ഞങ്ങള്‍ക്കറിയാം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ദില്ലിയില്‍ പറഞ്ഞു.

പാര്‍ട്ടി ഈ നിലയിലെത്തിയതില്‍ ദുഃഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാര്‍ട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വിഎം സുധീരന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. എന്തു കൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല. അടിയന്തര പ്രവര്‍ത്തകസമിതി ചേരണം. പാര്‍ട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോണ്‍ഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം. തുറന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വേണമെന്നും കപില്‍ സിബല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബല്‍ അടക്കമുള്ള ജി-23 നേതാക്കള്‍ ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പങ്കുവെക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. 

പഞ്ചാബില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം ഇരുവരുടെയും രാജിയിലാണ് അവസാനിച്ചത്. തുടര്‍ന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ അമരീന്ദര്‍ സിങ് പരസ്യമായി രംഗത്തെത്തി. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അമരീന്ദര്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനം സിദ്ദുവും രാജിവെച്ചു. തന്റെ താല്‍പര്യങ്ങള്‍ മന്ത്രിസഭയില്‍ നടക്കാത്തതിനെ തുടര്‍ന്നാണ് സിദ്ദു രാജിവെച്ചതെന്നും അഭ്യൂഹമുയര്‍ന്നു.
 

Follow Us:
Download App:
  • android
  • ios