Asianet News MalayalamAsianet News Malayalam

'മോദിജിക്ക് അഭിനന്ദനങ്ങള്‍', പട്ടിണി സൂചികയില്‍ പിന്നിലായതിന് പിന്നാലെ പരിഹാസവുമായി കപില്‍ സിബല്‍

പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് പരിഹാസം വ്യക്തമാക്കുന്ന കുറിപ്പില്‍ കപില്‍ സിബല്‍ പറയുന്നത്.  ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ച് മാറ്റിയതിന് മോദിജിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് കപില്‍ സിബലിന്‍റെ ട്വീറ്റ്.

Kapil Sibal hit out at Prime Minister Narendra Modi over the countrys poor ranking in the Global Hunger Index
Author
New Delhi, First Published Oct 15, 2021, 12:46 PM IST

ആഗോള പട്ടിണി സൂചികയില്‍(Global Hunger Index) ഇന്ത്യ  വീണ്ടും പിന്നിലേക്ക് പോയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ(Narendra Modi) പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍(Kapil Sibal ). പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് പരിഹാസം വ്യക്തമാക്കുന്ന കുറിപ്പില്‍ കപില്‍ സിബല്‍ പറയുന്നത്.  ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ച് മാറ്റിയതിന് മോദിജിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് കപില്‍ സിബലിന്‍റെ ട്വീറ്റ്. ആഗോള പട്ടിണി സൂചികയിലെ വിവരങ്ങള്‍ക്കൊപ്പം ബംഗ്ലാദേശിനും പാകിസ്ഥാനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയെന്നും കപിലിന്‍റെ ട്വീറ്റ് ഓര്‍മ്മിപ്പിക്കുന്നു.

ബ്രസീലും ചൈനയും കുവൈറ്റും അടക്കമുള്ള രാജ്യങ്ങളാണ് ആഗോള പട്ടിണി സൂചികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. 5 ആണ് ഈ രാജ്യങ്ങളിലെ സ്കോര്‍. അതേ സമയം ഇന്ത്യയുടെ സ്കോര്‍ 38.8ആണ്. മുന്‍ വര്‍ഷങ്ങളില്‍ 28.8- 27.5 വരെയായിരുന്നു ഇന്ത്യയുടെ സ്കോര്‍. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ാം സ്ഥാനത്തായി പിന്നിലാണ് ഇന്ത്യയുള്ളത്. 2020ല്‍ ഇത് 94ാം സ്ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പോഷകാഹാരക്കുറവ്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം, ശിശുമരണ നിരക്ക്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെവളര്‍ച്ചാ മുരടിപ്പ് എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.

1998-2002 കാലഘട്ടത്തില്‍ 17.1 ശതമാനം ആയിരുന്നു അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം എന്നാല്‍ 2016-2020 കാലത്ത് ഇത് 17.3 ശതമാനമായി ഉയര്‍ന്നു. കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകളാണ് ഈ വര്‍ധനവിന് കാരണമായി വിലയിരുത്തുന്നത്. എന്നാല്‍ ശിശുമരണ നിരക്ക് കുറയ്ക്കാനും ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ് എന്നിവയില്‍ നില മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 71ാം സ്ഥാനം മ്യാന്‍മറിനും നേപ്പാളിനും ബംഗ്ലാദേശിനും 76ാം സ്ഥാനവും പാകിസ്ഥാന് 92ാം സ്ഥാനവുമാണ് ഉള്ളത്.  പട്ടിണിയുടെ കാര്യത്തില്‍ ആപത്സൂചനയുള്ള വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios