Asianet News MalayalamAsianet News Malayalam

നിലപാട് തിരുത്തി കപിൽ സിബൽ; പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്ന് പറഞ്ഞിട്ടില്ല

പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ പറയുന്നത് ഭരണഘടനാപരമായി ഏറെ പ്രയാസകരമായ കാര്യമാണെന്നായിരുന്നു കപില്‍ സിബല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. 

kapil sibal reaction to his own statement on caa
Author
Delhi, First Published Jan 20, 2020, 10:39 AM IST

ദില്ലി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച നിലപാടില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.  പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കപില്‍ സിബല്‍ ഇന്ന് പറഞ്ഞു. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് തന്‍റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക്  കഴിയില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കവേയാണ് കഴിഞ്ഞ ദിവസം പൗരത്വഭേദഗതി സംബന്ധിച്ച് കപില്‍ സിബല്‍ അഭിപ്രായപ്രകടനം നടത്തിയത്.  ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ പറയുന്നത് ഭരണഘടനാപരമായി ഏറെ പ്രയാസകരമായ കാര്യമാണെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്. 

"പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും സംബന്ധിച്ച് തങ്ങള്‍ അസന്തുഷ്ടരാണെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സന്ദേശമയയ്ക്കുകയാണ്. ജനസംഖ്യാരജിസ്റ്ററുമായി ബന്ധപ്പെട്ട ജോലികള്‍ നടത്താന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് സംസ്ഥാനങ്ങള്‍ പറയുന്നത്. ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് എനിക്ക് സംശയമുണ്ട്. അതൊരു ഇരുണ്ട അധ്യായമാണ്."കപില്‍ സിബല്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios