​ഹൈദരാബാദ്: തെലങ്കാനയിൽ ലോക്ക്ഡൗൺ ഈ മാസം 30 വരെ നീട്ടി. ഏപ്രിൽ 24- നുളളിൽ സംസ്ഥാനം കൊവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു.  ലോക്ക്ഡൗൺ തീരുന്നത് വരെ മദ്യഷാപ്പുകൾ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്ത് രണ്ട് പേർ കൂടി ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 16 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 51 പേർ ഇന്നലെ മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടു. ആന്ധ്രപ്രദേശിൽ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റെഡ് സോണുകളിൽ മാത്രം ലോക്ക്ഡൗൺ തുടരാനാണ് താത്പര്യമെന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വ്യക്തമാക്കി.

കർണാടകത്തിൽ ലോക്ക്ഡൗൺ ഈ മാസം അവസാനം വരെ തുടരും. കഴിഞ്ഞ മൂന്നാഴ്ച പോലെ ആയിരിക്കില്ല ഇനിയുളള രണ്ടാഴ്ചയിലെ ലോക്ക്ഡൗണെന്നും ഇളവുകളുണ്ടാകുമെന്നും മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് 8 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഞ്ചൻകോഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ആറ് പേർ കൂടി രോഗബാധിതരായതോടെ ആകെ രോഗികൾ 36 ആയി. ഇവിടെ കൊവിഡ് ഉറവിടം  കണ്ടെത്തിയിട്ടില്ല.