ബെംഗളൂരു: വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സംസ്ഥാനാന്തര യാത്രക്ക് കർണാടകത്തിന്‍റെ അനുമതി. നാളെ മുതൽ മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയുളളവർക്ക് കർണാടകത്തിന് പുറത്തേക്ക് സഞ്ചരിക്കാം. സംസ്ഥാനത്തേക്ക് വരുന്നവർക്ക് അതിർത്തിയിൽ പരിശോധന നടത്തും. ഒറ്റത്തവണ മാത്രമേ യാത്ര ചെയ്യാൻ അനുമതി ഉളളൂ.

കർണാടകത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 30 പേർക്കാണ്.  ബെംഗളൂരുവിൽ 9 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കലബുറഗിയിൽ കേസുകൾ കൂടുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. 

കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകനുമായി ഇടപഴകിയ രണ്ട് ഉപമുഖ്യമന്ത്രിമാര്‍, ആഭ്യന്തര മന്ത്രി, സാംസ്കാരിക മന്ത്രി, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ കർണാടകത്തിൽ നിരീക്ഷണത്തിലാണ്. കർണാടകയിൽ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ നാളെ മുതൽ വിട്ടുനൽകും. നാലുചക്ര വാഹനങ്ങൾക്ക് 1000 രൂപയും, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 500 രൂപയും പിഴ ഈടാക്കിയാകും വാഹനങ്ങൾ വിട്ടു നൽകുക.