പ്രശ്നം പരിഹരിക്കാൻ ആറംഗസമിതിയെ രൂപീകരിക്കാനും നിലവിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസുകളിൽ തീര്‍പ്പാകും വരെ ബലഗാവിക്ക് മേൽ അവകാശവാദം ഉന്നയിക്കേണ്ടെന്നും ഇരുസംസ്ഥാനങ്ങളും തമ്മിൽ ധാരണയായി.

ദില്ലി: അതിര്‍ത്തി പ്രദേശമായ ബലഗാവിയെ ചൊല്ലി കര്‍ണാടക - മഹാരാഷ്ട്ര സ‍ര്‍ക്കാരുകൾ തമ്മിൽ നിലനിന്ന തര്‍ക്കത്തിന് താത്കാലിക പരിഹാരം. പ്രശ്നം പരിഹരിക്കാൻ ആറംഗസമിതിയെ രൂപീകരിക്കാനും നിലവിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസുകളിൽ തീര്‍പ്പാകും വരെ ബലഗാവിക്ക് മേൽ അവകാശവാദം ഉന്നയിക്കേണ്ടെന്നും ഇരുസംസ്ഥാനങ്ങളും തമ്മിൽ ധാരണയായി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് ഈ താത്കാലിക പ്രശ്നപരിഹാരമുണ്ടായത്. ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കാളികളായ ചര്‍ച്ചയിൽ പങ്കെടുത്തു. യോഗത്തിൻ്റെ തീരുമാന പ്രകാരം ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് മന്ത്രിമാർ വീതമുള്ള സമിതി രൂപീകരിച്ച് മറ്റു പ്രശ്നങ്ങൾ ചര്‍ച്ച ചെയ്തു പരിഹരിക്കാനാണ് നിലവിലെ ധാരണ.

കര്‍ണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മയ്യും എക്നാഥ് ഷിൻഡേയും യോഗത്തിൽ നേരിട്ട് പങ്കെടുത്തു. ഇരു സംസ്ഥാനത്തെയും പ്രതിപക്ഷ കക്ഷികൾ അതിർത്തി തർക്കത്തെ രാഷ്ട്രീയ വത്കരിക്കരുതെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി വരും വരെ ഇരുസംസ്ഥാനങ്ങളും കാത്തിരിക്കണം. ഭരണഘടനാപരമായ രീതികളിലൂടെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവൂ അല്ലാതെ അതിര്‍ത്തി തര്‍ക്കം റോഡിൽ തീര്‍ക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.