Asianet News MalayalamAsianet News Malayalam

Anti Conversion bill : നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനം: യുപിക്കും മധ്യപ്രദേശിനും പിന്നാലെ കര്‍ണാടകയും

കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം.
 

Karnataka Assembly will Today consider  Anti Conversion bill
Author
Bengaluru, First Published Dec 21, 2021, 7:27 AM IST

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം (Anti conversion bill) നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് സമാന നിലപാടുമായി കര്‍ണാടക സര്‍ക്കാറും രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മാതൃകയിലാണ് കര്‍ണാടകയിലെയും നിയമം. നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് ബില്‍. അതിന് പുറമെ, നിയമപരമായ മതം മാറ്റത്തിനും കടമ്പകളേറെ. ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയത്. 

സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകും. എന്നാല്‍ ബില്ലിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും. കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം. ലിംഗായത്ത് സമുദായം അടക്കം ഹൈന്ദവ സംഘടനകളുടെ നിരന്തരമായുള്ള ആവശ്യം കൂടി പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നത്. നിര്‍ബന്ധിച്ച് മതംമാറ്റുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. 

മതപരിവര്‍ത്തന നിരോധന ബില്ലിന് അനുമതി നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ വലിയ നിരാശയുണ്ടെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് തുറന്നടിച്ചു. ക്രൈസ്തവര്‍ക്കും ദളിത്, മുസ്ലീം വിഭാഗങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് നിയമം കാരണമാകുമെന്ന് ആശങ്കയുള്ളതായി ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios