ബംഗളൂരു: ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി. സിദ്ധരാമയ്യ കോൺഗ്രസ്‌ നിയമസഭ കക്ഷി നേതൃസ്ഥാനം രാജിവച്ചു. സിദ്ധരാമയ്യക്ക് പിന്നാലെ കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും രാജിവെച്ചു. ഇരുവരും പാര്‍ട്ടി അധ്യക്ഷ  സോണിയ ഗാന്ധിക്ക് നൽകി രാജിക്കത്ത്‌ നല്‍കി. 

ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ പന്ത്രണ്ട് ഇടങ്ങളിലും ബിജെപി വിജയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിട്ട് മറുകണ്ടം ചാടിയ 13 വിമതരില്‍ 11 പേരും വിജയിച്ചു. കൂറുമാറ്റത്തിന് തിരിച്ചടിയുണ്ടാവില്ലെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ടാണ് കര്‍ണാടകത്തില്‍ ബിജെപി കേവലഭൂരിപക്ഷത്തില്‍ എത്തിയത്. 

12 സീറ്റുകളാണ് കോണ്‍ഗ്രസിന്‍റെ കയ്യില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്. മുതിര്‍ന്ന നേതാക്കളായ എ എച്ച് വിശ്വനാഥ്, എം ടി ബി നാഗരാജ് എന്നിവരും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് സിദ്ധരാമയ്യയുടെയും ദിനേശ് ഗുണ്ടുറാവുവിന്‍റെയും രാജി. 

ഉപതെര‌ഞ്ഞെടുപ്പോടെ  222 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 117 ആയി. 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. അതേപാര്‍ട്ടിയാണ് ഒന്നര വര്‍ഷത്തിനിപ്പുറം ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിട്ട് ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ അധികാരത്തിലേറിയിരിക്കുന്നത്. 

Read Also: ഓപ്പറേഷൻ താമര വിജയം; ഇരിപ്പുറച്ച് യെദ്യൂരപ്പ, ആഹ്ളാദത്തില്‍ ബിജെപി