Asianet News MalayalamAsianet News Malayalam

കർണാടകയിൽ ഇന്ന് ബന്ദ്, ബെം​ഗളൂരുവിൽ അനുവദിക്കില്ലെന്ന് മന്ത്രി -കാരണമിത് 

ബന്ദ് ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ബന്ദ് പ്രഖ്യാപിച്ചാല്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നതിനെയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ദയാനന്ദ പറഞ്ഞു.

Karnataka calls bandh today in cauvery issue prm
Author
First Published Sep 29, 2023, 12:47 AM IST | Last Updated Sep 29, 2023, 12:55 AM IST

ബെംഗളൂരു: ത​മി​ഴ്നാ​ടി​ന് കാ​വേ​രി വെ​ള്ളം വി​ട്ടു​ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ കന്നട അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് വെള്ളിയാഴ്ച നടക്കും. അതേസമയം, ബെംഗളൂരുവില്‍ ബന്ദ് അനുവദിക്കില്ലെന്നും നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. വെള്ളിയാഴ്ച അർധരാത്രി മുതൽ ശനിയാഴ്ച അർധരാത്രി വരെയാണ് ബന്ദ്. ബെം​ഗളൂരു നഗരത്തില്‍ പ്രതിഷേധ റാലിയോ മറ്റു പ്രതിഷേധ പരിപാടികളോ അനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാനും പാടില്ല. പ്രതിഷേധക്കാര്‍ക്ക് ഫ്രീഡം പാര്‍ക്കില്‍ ധര്‍ണ്ണ നടത്താം.

ബന്ദ് ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ബന്ദ് പ്രഖ്യാപിച്ചാല്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നതിനെയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ദയാനന്ദ പറഞ്ഞു. ബന്ദിന് ആഹ്വാനം ചെയ്യുന്നവര്‍ നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാരിനോ പൗരന്മാര്‍ക്കോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദിത്തമുണ്ടെന്നും ദയാനന്ദ കൂട്ടിചേര്‍ത്തു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.  

സെപ്റ്റംബർ 13 മുതൽ 27വരെ 15 ദിവസത്തിൽ കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീണ്ടും സമരം ശക്തമാവുകയായിരുന്നു. തമിഴ്നാട്ടിലും സമരം ശക്തമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios