കർണാടക കോൺഗ്രസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു, നേതാക്കൾക്കെതിരെ അവഹേളനം
സംഭവത്തിന് പിന്നാലെ പരാതിയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ബെംഗളൂരു സൈബർക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത ശേഷം വ്യാജ വെബ്സൈറ്റ് നിർമിച്ച് കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളുമായി അവഹേളിക്കുകയും ചെയ്തെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിൽ വ്യാജ കത്തും ഹാക്കർമാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സംഭവത്തിന് പിന്നാലെ പരാതിയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ബെംഗളൂരു സൈബർക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ inckarnataka.in എന്ന വെബ് സൈറ്റാണ് ഹാക്ക് ചെയ്തത്. പ്രസ്തുത സൈറ്റ് ഇപ്പോൾ ലഭ്യമല്ല. ലിങ്കിൽ ക്ലിക് ചെയ്താൽ ‘ഈ അക്കൗണ്ട് സസ്പെൻഡ്’ ചെയ്തു എന്ന അറിയിപ്പാണ് പേജിൽ കാണാനാകുക.
ഇതിനു പകരമായി kpcc.in എന്ന ലിങ്കിലാണ് വ്യാജ വെബ്സൈറ്റ് തുടങ്ങിയത്. ഈ സൈറ്റിലാണ് കോൺഗ്രസ് നേതാക്കളെക്കുറിച്ച് അസഭ്യ പരാമർശമുള്ളതെന്നും നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത് സിദ്ധരാമയ്യ എഴുതിയെന്ന തരത്തിലുള്ള കത്താണ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. കത്തിൽ സിദ്ധരാമയ്യയുടെ വ്യാജ ഒപ്പുമുണ്ട്. ഈ കത്ത് വ്യാജമാണെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സിദ്ധരാമയ്യ ആരോപിച്ചു.