പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പറഞ്ഞ് കർണ്ണാടക കോൺഗ്രസ് ഔദ്യോഗിക ട്വീറ്റ്.
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പറഞ്ഞ് കർണ്ണാടക കോൺഗ്രസ് ഔദ്യോഗിക ട്വീറ്റ്. വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ട്വീറ്റ് പിൻവലിച്ച് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. പുതിയ സോഷ്യൽ മീഡിയ മാനേജറാണ് അപരിഷ്കൃതമായ ട്വീറ്റ് പങ്കുവച്ചെതെന്ന് കോൺഗ്രസ് വിശദീകരിച്ചു.
വിവാദ പോസ്റ്റിനെ തള്ളി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും രംഗത്തെത്തി. ട്വീറ്റിലെ പരമാർശം 'സിവിൽ പാർലമെന്ററി ഭാഷാ' നിലവാരത്തിലുള്ളതായിരുന്നില്ല. ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ മുഖേന പുതിയ സോഷ്യൽ മീഡിയ മാനേജർ നടത്തിയ അപരിചിതമായ ട്വീറ്റിൽ ഖേദിക്കുകയും പിൻവലിക്കുകയും ചെയ്തു എന്നും ശിവകുമാർ ട്വീറ്റ് ചെയ്തു.
'കോൺഗ്രസ് സ്കൂളുകൾ നിർമിച്ചു. എന്നാൽ മോദി പഠിച്ചിട്ടില്ല. മുതിർന്നവർക്ക് പഠിക്കാനും കോൺഗ്രസ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. എന്നാൽ മോദി അപ്പോഴും പഠിച്ചിട്ടില്ല. രാജ്യം മോദിയുടെ നിരക്ഷരത മൂലം ഉഴലുകയാണ്'- എന്നുമായിരുന്നു കോൺഗ്രസ് പങ്കുവച്ച ട്വീറ്റ്.
കോൺഗ്രസിന് മാത്രമേ ഇത്രയും തരംതാഴാൻ സാധിക്കൂവെന്നായിരുന്നു. ബിജെപി വക്താവ് മാളവിക അവിനാഷിന്റെ പ്രതികരണം. യാതൊരു മറുപടിയും അർഹിക്കാത്തതാണ് കോൺഗ്രസിന്‍റെ പ്രതികരണമെന്നും അവർ ട്വീറ്റ് ചെയ്തു. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു പാർട്ടികളും തമ്മിലുള്ള വാക്പോര് രൂക്ഷമായിരിക്കുന്നത്. ഒക്ടോബർ മുപ്പതിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
