തെന്നിന്ത്യൻ നടിയായ  രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള  കേസിലാണ് നടപടി.

ബെംഗളൂരു: വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ പീഡനക്കേസിൽ ജാമ്യമില്ലാ വാറന്‍റ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. തെന്നിന്ത്യൻ നടിയായ രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് നടപടി. നിത്യാനന്ദയുടെ മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ ആണ് 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്.

നിത്യാനന്ദയ്ക്കെതിരെ കോടതി ഒട്ടേറെ സമൻസുകൾ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. നേരത്തെ ഇയാൾക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാന്ദ കോടതിയില്‍ ഹാജരായിരുന്നില്ല. ഇയാള്‍ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനും കഴിഞ്ഞില്ല. കേസിൽ വിചാരണ ആരംഭിച്ചു, മൂന്ന് സാക്ഷികളെ വിസ്തരിച്ചു. എന്നാൽ പ്രതി നിത്യാനന്ദയുടെ അഭാവത്തിൽ വിചാരണ കഴിഞ്ഞ മൂന്ന് വർഷമായി സ്തംഭിച്ചിരിക്കുകയാണ്. 

 ‌2018 മുതൽ വിചാരണയിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ 2020ൽ കോടതി ജാമ്യം റദ്ദാക്കി. കേസിൽ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിന് പിന്നാലെ രാജ്യം വിടുകയായിരുന്നു. കാലാവധി തീർന്ന പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാള്‍ നേപ്പാൾ വഴി ഇക്വഡോറിലേക്കു കടന്നത്. അതേസമയം യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസിലും നിത്യാനന്ദയ്ക്കെതിരെ കർണാടക പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. 

ഇതിനെല്ലാം പുറമേ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നേരത്തേ ഇന്റർപോൾ നിത്യാനന്ദയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഗുജറാത്തില്‍ നിന്നാണ് നിത്യാനന്ദ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന പരാതി ഉയര്‍ന്നത്. ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ. സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. അതേസമയം നിത്യാനന്ദയുടെ ഒളിത്താവളം കണ്ടെത്താനായി ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല.