ദില്ലി: വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം നീളുന്നതില്‍ കര്‍ണാടക സ്പീക്കറെ വിമര്‍ശിച്ച് സുപ്രീംകോടതി.   സ്വന്തം കർത്തവ്യങ്ങൾ നിർവഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികൾ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കർ എന്ന്  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിമര്‍ശിച്ചു. എംഎൽഎമാർ കോടതിയെ സമീപിക്കുന്നതുവരെ ഒന്നും ചെയ്യാഞ്ഞത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന്, എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും നാളെ തീരുമാനം ഉണ്ടാകുമെന്ന് സ്പീക്കർ കോടതിയെ അറിയിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായത്. രാജിവെച്ച് ജനങ്ങളിലേക്ക് തിരിച്ചുപോവുക എംഎല്‍എമാരുടെ അവകാശമാണെന്നും  രാജി അംഗീകരിക്കാതെ, എം എൽഎ ആയി തുടരാൻ സ്പീക്കർ വിമതരെ നിർബന്ധിക്കുകയാണെന്നും റോത്തഗി കോടതിയെ അറിയിച്ചു. രാജി അംഗീകരിച്ചാൽ കർണാടക സർക്കാർ ന്യൂനപക്ഷമാകും എന്നതിനാലാണ്  സ്പീക്കർ രാജി അംഗീകരിക്കാത്തതെന്നും റോത്തഗി വാദിച്ചു. രാജിയിലും അയോഗ്യതയിലും സ്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിർദ്ദേശിക്കാനാകില്ലെന്ന‌് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു. ഇക്കാര്യങ്ങളിൽ എന്തെങ്കിലും ഭരണഘടനപരമായ പ്രശ്നങ്ങൾ ഉണ്ടോ എന്നേ പരിശോധിക്കാനാകൂ എന്നും റോത്തഗിയുടെ വാദങ്ങളിന്മേല്‍ കോടതി പരാമര്‍ശം നടത്തി. 

തുടര്‍ന്നാണ് സ്പീക്കര്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ജൂലായ് ആറിന് എംഎല്‍എമാർ രാജിക്കത്ത് നൽകിയിട്ടും സ്പീക്കർ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ടാണ് എം എൽ എമാർക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കർ തീരുമാനം എടുക്കാതിരുന്നത്  എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അയോഗ്യതാ നടപടികളുമായി മുന്നോട്ടുപോകുന്നതിന് സ്പീക്കറെ  ആരും തടയുന്നില്ല. സമയമെടുത്ത് മാത്രമെ തീരുമാനം എടുക്കാനാകൂ എന്നാണ് സ്പീക്കർ പറയുന്നത്.  24 മണിക്കൂറിനകം പ്രോടേം സ്പീക്കറെ വെച്ച് വിശ്വാസ വോട്ട് തേടാൻ മുമ്പ് ഈ കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. അന്ന് ആരും കോടതിയുടെ അധികാരപരിധി ചോദ്യം ചെയ്തില്ല. സ്വന്തം കർത്തവ്യങ്ങൾ നിർവഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികൾ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കർ എന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.