നാളെ സംസ്ഥാനത്ത് നിശ്ശബ്ദപ്രചാരണ ദിനമാണ്. നിശ്ശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്

ബെംഗളുരു: ആവേശകരമായ കൊട്ടിക്കലാശത്തോടെ കർണാടകയിൽ പരസ്യപ്രചാരണം അവസാനിച്ചു. ദേശീയാധ്യക്ഷൻ ജെ പി നദ്ദ ബി ജെ പിയുടെ അവസാനഘട്ട പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായി പങ്കെടുത്തു. ബെംഗളുരു നഗരത്തിൽ നടന്ന പ്രിയങ്കയുടെ റോഡ് ഷോയിൽ സ്ത്രീകൾ അടക്കം പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്. രാഹുൽ ഗാന്ധിയാകട്ടെ നഗരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ചകൾ നടത്തി. ഇന്നലെയും ഇന്നുമായി നിരവധി പ്രചാരണയോഗങ്ങളാണ് കോൺഗ്രസും ബി ജെ പിയും ബെംഗളുരു നഗരം കേന്ദ്രീകരിച്ച് നടത്തിയത്.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: നാല് ദിവസം 'ഡ്രൈ ഡേ' പ്രഖ്യാപിച്ചു

ഇന്നലെ രാത്രി ബെംഗളുരുവിൽ ബിജെപി സംഘടിപ്പിച്ച കേരളാ സ്റ്റോറീസിന്‍റെ പ്രദർശനത്തിൽ ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോയായിരുന്നു ബി ജെ പിയുടെ പ്രചാരണക്കരുത്ത് കാട്ടിയത്. ബെംഗളുരുവിൽ നടന്ന വമ്പൻ റോഡ് ഷോയിൽ നിരവധിപ്പേരാണ് മോദിയെ കാണാൻ ഒഴുകിയെത്തിയത്. ബജ്‍രംഗദൾ നിരോധനം പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി അവസാനഘട്ടത്തിൽ ബി ജെ പി ഉയർത്തിക്കാട്ടി. ഭരണവിരുദ്ധവികാരം അലയടിക്കുന്നതിനാൽ സംസ്ഥാന നേതൃത്വത്തെ പിൻസീറ്റിലിരുത്തി പ്രചാരണത്തിന്‍റെ കടിഞ്ഞാൺ മോദിയടക്കമുള്ള ദേശീയ നേതാക്കൾ കയ്യിലെടുക്കുന്ന കാഴ്ചയായിരുന്നു അവസാന ഘട്ടത്തിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് മോദിയുടെ ജനവിധിയെക്കുറിച്ച് കൂടിയുള്ള വിലയിരുത്തലാകുമെന്നുറപ്പ്. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവരും കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ക്ലൈമാക്സ് ബി ജെ പിക്ക് അനുകൂലമാക്കാൻ രംഗത്തുണ്ടായിരുന്നു.

കേരള സ്റ്റോറി സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ല, പ്രഖ്യാപിച്ച് മമത ബാനർജി, സിപിഎമ്മിനും കേരള സ‍ർക്കാരിനും വിമർശനം

ഇതിനിടെ, കൊട്ടിക്കലാശ ദിവസം അങ്ങോട്ടുമിങ്ങോട്ടും ആരോപണങ്ങളുന്നയിച്ച് കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കർണാടകയുടെ പരമാധികാരത്തിന് മേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയെ ഇന്ത്യയിൽ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗിൽ ഉൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസുരുവിൽ പ്രസംഗിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസും പരാതി നൽകി. രാജ്യവിരുദ്ധപരാമർശം കോൺഗ്രസ് നടത്തിയെന്ന വ്യാജ ആരോപണം മോദി ഉന്നയിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. നാളെ സംസ്ഥാനത്ത് നിശ്ശബ്ദപ്രചാരണ ദിനമാണ്. നിശ്ശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിശ്ശബ്ദപ്രചാരണവും കഴിഞ്ഞാൽ കന്നട ജനത വിധിയെഴുതാൻ ബുധനാഴ്ച വോട്ടിംഗ് ബൂത്തിലേക്ക് നീങ്ങും. ഈ മാസം 13 ാം തിയതി കർണാടക ജനതയുടെ വിധി ആർക്ക് അനുകൂലമാണെന്ന് അറിയാം.

YouTube video player