മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന വൃദ്ധന്റെ വീഡിയോ വൈറൽ 

ബെംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവില ദേവനഹള്ളിയിൽ നടത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോ കനത്ത മഴയെത്തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ ഈ പ്രദേശത്തുനിന്ന് ബിജെപിക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു വീഡിയോ ആണ് പുറത്തുവരുന്നത്. മഴ തുടരുന്നതിനിടയിലും ഒരു ഗ്രാമീണനായ വൃദ്ധൻ ചെയ്ത പ്രവൃത്തിയാണ് വീഡിയോയിൽ.

കനത്ത മഴയെ തുടര്‍ന്ന് ദേവനഹള്ളിയിലെ ഗ്രാമവാസികളെല്ലാം നനയാതിരിക്കാൻ നെട്ടോട്ടമോടുമ്പോൾ,ഒരു വൃദ്ധൻ സ്കാർഫ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ നിന്ന് വെള്ളം തുടച്ചുകളയുകയായിരുന്നു. വെള്ള ഷർട്ടും ധോത്തിയും ധരിച്ച വൃദ്ധനോട്, കട്ടൗട്ട് തുടയ്ക്കാൻ ആരെങ്കിലും ഏൽപ്പിച്ചതാണോ പണം നൽകിയിട്ടുണ്ടോ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ വൃദ്ധൻ നൽകിയ മറുപടി ഏറെ ശ്രദ്ധേയമായരുന്നു. പ്രധാനമന്ത്രി മോദിയുടെ കട്ടൗട്ടിൽ നിന്ന് മഴവെള്ളം തുടയ്ക്കുന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമായാണ്. 'മോദി ജി തനിക്ക് ദൈവമാണ്, ഇതിന് ആരും എനിക്ക് പണം നൽകിയിട്ടില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അതേസമയം, മെയ് 10 -ന് സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ ഒരുക്കങ്ങൾ അമിത് ഷാ വിലയിരുത്തും. മാർച്ച് 29 -ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഷായുടെ ആദ്യ സംസ്ഥാന സന്ദർശനമാണിത്. മഴയെത്തുടർന്ന് ദേവനഹള്ളി റോഡ് ഷോ റദ്ദാക്കിയെങ്കിലും, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.

Scroll to load tweet…

ദേവനഹള്ളിയിൽ സിറ്റിംഗ് എംഎൽഎ എൽഎൻ നാരായണസ്വാമി, മുൻ കേന്ദ്രമന്ത്രിയും ഏഴ് തവണ എംപിയുമായ കോൺഗ്രസ് സ്ഥാനാർഥി കെഎച്ച് മുനിയപ്പ എന്നിവർക്കെതിരെ മത്സരിക്കുന്ന ബിജെപിയുടെ പിള്ള മുനിഷാമപ്പയ്ക്കുവേണ്ടിയാണ് കേന്ദ്രമന്ത്രി അമിത് ഷാ പ്രചാരണം നടത്തുന്നത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുനിയപ്പ ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.