Asianet News MalayalamAsianet News Malayalam

കർണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരിച്ചെത്തി, മടങ്ങിവരവ് ഒരു വർഷമാകും മുൻപ്

2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ജഗദീഷ് ഷെട്ടാർ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്.

Karnataka Former CM Jagadish Shettar Returns To BJP who Switched To Congress Last Year SSM
Author
First Published Jan 25, 2024, 2:38 PM IST

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ബിജെപിയിൽ തിരിച്ചെത്തി. 2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഷെട്ടാർ ബിജെപി വിട്ടത്. കോണ്‍ഗ്രസില്‍ ചേർന്ന ഷെട്ടാർ ഒരു വര്‍ഷമാകും മുന്‍പ് ബിജെപിയില്‍ തിരിച്ചെത്തി. 

ബിജെപിയുടെ ദില്ലി ആസ്ഥാനത്ത് ബി വൈ വിജയേന്ദ്രയുടെയും മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെയും സാന്നിധ്യത്തിലായിരുന്നു ഷെട്ടാറിന്‍റെ  മടങ്ങിവരവ്. ആറ് തവണ എംഎല്‍എ ആയിരുന്നു ജഗദീഷ് ഷെട്ടാർ. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന  വിശ്വാസത്തോടെയാണ് താൻ വീണ്ടും ബിജെപിയിലേക്ക് വരുന്നതെന്ന് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി ഷെട്ടാർ കൂടിക്കാഴ്ച നടത്തി. 

ചില പ്രശ്നങ്ങള്‍ കാരണമാണ് താന്‍ ബിജെപി വിട്ടതെന്ന് ഷെട്ടാര്‍ പ്രതികരിച്ചു. കഴിഞ്ഞ എട്ടോ ഒമ്പതോ മാസമായി ഒരുപാട് ചർച്ചകൾ നടന്നു. ബിജെപി പ്രവർത്തകർ തന്നോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. യെദ്യൂരപ്പയും വിജയേന്ദ്രയും തന്‍റെ തിരിച്ചുവരവ് ആഗ്രഹിച്ചു. അതിനാല്‍ തിരിച്ചെത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. 

കഴിഞ്ഞ വർഷത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നത്. ഷെട്ടാറിന് രാജ്യസഭാ അംഗത്വവും അതുവഴി കേന്ദ്രമന്ത്രിസ്ഥാനവും നല്‍കാനാണ് ആഗ്രഹിച്ചതെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. ഷെട്ടാറിന് പിശക് പറ്റിയതായി തോന്നുന്നുവെന്നും അന്ന് യെദ്യൂരപ്പ പറയുകയുണ്ടായി. 

കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പില്‍ ഹൂബ്ലി - ധാർവാഡ് (സെൻട്രൽ) സീറ്റിൽ നിന്ന് ഷെട്ടാർ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 34,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍  ബിജെപി സ്ഥാനാർത്ഥിയാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല എന്നാണ് ഷെട്ടാറിന്‍റെ തിരിച്ചുപോക്കിനെ കുറിച്ചുള്ള ഡി കെ ശിവകുമാറിന്‍റെ പ്രതികരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios