Asianet News MalayalamAsianet News Malayalam

പെട്രോളിനും ഡീസലിനും അധിക നികുതി ചുമത്താൻ കർണാടക സർക്കാർ, ലക്ഷ്യമിത് 

1.8 കോടി ബിപിഎൽ കാർഡ് ഉടമകളെ ഉൾപ്പെടുത്തിയാണ് പദ്ധതി. 25 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയൊരുക്കുകയാണ് ലക്ഷ്യം.

Karnataka government may impose cess on fuel, says report prm
Author
First Published Dec 10, 2023, 8:26 AM IST

ബെംഗളൂരു: സംസ്ഥാനത്ത് വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും 50 പൈസ മുതൽ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക സർക്കാർ. ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബി‌പി‌എൽ) കാർഡ് ഉടമകളായ 1.8 കോടി ആളുകൾക്ക് സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് പണം കണ്ടെത്താനാണ് സെസ് ചുമത്തുന്ന കാര്യം ആലോചിക്കുന്നത്. നേരത്തെ കേരളവും ഇന്ധനത്തിന് അധിക നികുതി ചുമത്തിയിരുന്നു. ഗിഗ്, ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി അടുത്തിടെ ആരംഭിച്ച സാമൂഹിക സുരക്ഷാ പദ്ധതിക്ക് പിന്നാലെയാണ് വിപുലമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാൻ തൊഴിൽ വകുപ്പ് ഒരുങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

1.8 കോടി ബിപിഎൽ കാർഡ് ഉടമകളെ ഉൾപ്പെടുത്തിയാണ് പദ്ധതി. 25 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയൊരുക്കുകയാണ് ലക്ഷ്യം. നിലവിൽ, വെറും 50 പൈസ മുതൽ 1 രൂപ വരെ വർദ്ധിപ്പിച്ചാൽ അത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.  അപകടത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമായി 25 ലക്ഷം രൂപയുടെ കവറേജാണ് സർക്കാർ വാ​ഗ്ദാനം ചെയ്യുന്നത്. 

പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം 1,200 കോടി മുതൽ 1,500 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കർണാടക സ്റ്റേറ്റ് ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്,  ട്രാൻസ്പോർട്ട് തൊഴിലാളികൾക്കായി പുതുതായി രൂപീകരിച്ച ട്രാൻസ്പോർട്ട് ബോർഡ് പോലുള്ള നിലവിലുള്ള ബോർഡുകളുടെ പരിധിയിൽപ്പെടാത്ത അസംഘടിത മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ലാഡ് പറഞ്ഞു.

സാമൂഹിക സുരക്ഷയുടെ അടിയന്തിര ആവശ്യമുള്ള 43 അസംഘടിത മേഖലകൾ സർക്കാർ ശ്രദ്ധിക്കുന്നു. ഈ മേഖലകളിലേക്ക് സാമൂഹിക സുരക്ഷ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വരും ആഴ്ചകളിൽ മുഖ്യമന്ത്രിക്കും സർക്കാരിനും സമർപ്പിക്കാനാണ് തൊഴിൽ വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios