ഭരണഘടനയുടെ ആമുഖം വായിച്ച് സിദ്ധരാമയ്യയും ഡികെയും; വൻപരിപാടി സംഘടിപ്പിച്ച് കർണാടക സർക്കാർ, പങ്കെടുത്തത് കോടികൾ!
ഭരണഘടന വായിക്കുന്ന വീഡിയോയോ ചിത്രമോ സൈറ്റിൽ അപ് ലോഡ് ചെയ്യുന്നവർക്കാണ് സർട്ടിഫിക്കറ്റ് അനുവദിക്കുക.

ബെംഗളൂരു: അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിൽ ബൃഹത് പരിപാടി സംഘടിപ്പിച്ച് കർണാടക സർക്കാർ. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുന്ന പരിപാടിയാണ് സർക്കാർ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരടക്കം പരിപാടിയിൽ പങ്കെടുത്തു. ഓൺലൈനും ഓഫ് ലൈനുമായി നടത്തിയ പരിപാടിയിൽ
രാജ്യത്തും വിദേശത്തുമായി രണ്ട് കോടിയിലധികം പേർ ഭരണഘടനാ ആമുഖം വായിച്ചെന്ന് സർക്കാർ അവകാശപ്പെട്ടു. കർണാടക നിയമസഭയായ വിധാൻ സൗധയിലാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും പങ്കെടുത്ത പരിപാടിയിൽ നിരവധി പ്രമുഖരുടെയും സാന്നിധ്യമുണ്ടായി. നിരവധി കുട്ടികളും ചടങ്ങിനെത്തി. ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നൽകിയ അഞ്ച് ഉറപ്പുകളും സർക്കാർ പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ ആമുഖം വായിക്കുന്ന ചടങ്ങിന് ഓൺലൈനായി 2.28 കോടി ആളുകൾ രജിസ്റ്റർ ചെയ്തെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എച്ച് സി മഹാദേവപ്പ പറഞ്ഞു. അഞ്ച് മുതൽ 10 ലക്ഷം വരെ രജിസ്ട്രേഷനാണ് പ്രതീക്ഷിച്ചതെങ്കിലും രാജ്യത്തും വിദേശത്തുമായി നാനാതുറയിലെ ജനം പരിപാടിക്ക് രജിസ്റ്റർ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
Read More.... ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ: ഭീകരരുണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളിൽ ഗ്രനേഡ് ആക്രമണം, ഒരു സൈനികന് കൂടി വീരമൃത്യു
ഭരണഘടനയുടെ പ്രധാന്യവും മൂല്യവും യുവജനങ്ങളെയും യുവതലമുറയെയും ബോധ്യപ്പെടുത്താനാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫക്കറ്റ് നൽകും. ഭരണഘടന വായിക്കുന്ന വീഡിയോയോ ചിത്രമോ സൈറ്റിൽ അപ് ലോഡ് ചെയ്യുന്നവർക്കാണ് സർട്ടിഫിക്കറ്റ് അനുവദിക്കുക. പരിപാടിയോടനുബന്ധിച്ച് ഗതാഗതതിരക്ക് കുറക്കാൻ ബെംഗളൂരു ട്രാഫിക് പൊലീസ് വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.