Asianet News MalayalamAsianet News Malayalam

കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്നു; കര്‍ണാടകയില്‍ മുതിര്‍ന്ന പൗരന്മാരോട് മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി

60 വയസിന് മുകളില്‍ പ്രായമുള്ളവരും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവരും മറ്റ് അസുഖങ്ങളുള്ളവരും മാസ്‍ക് ധരിക്കണം. സര്‍ക്കാര്‍ ആശുപത്രികളോട് തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി

karnataka minister advises senior citizen to wear masks amid increase of covid cases in Kerala afe
Author
First Published Dec 18, 2023, 2:37 PM IST

ബംഗളുരു: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ മാസ്‍ക് ധരിക്കണമെന്ന് ഉപദേശിച്ച് കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു. മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറമെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും മാസ്‍ക് ധരിക്കണമെന്ന് കുടകില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയെന്നും വൈകാതെ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു. 60 വയസിന് മുകളില്‍ പ്രായമുള്ളവരും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവരും മറ്റ് അസുഖങ്ങളുള്ളവരും മാസ്‍ക് ധരിക്കണം. സര്‍ക്കാര്‍ ആശുപത്രികളോട് തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. മംഗലാപുരം, ചാമനാജനഗര്‍, കുടക് പോലുള്ള പ്രദേശങ്ങള്‍ ജാഗ്രത പുലര്‍ത്തണം. പരിശോധനകളുടെ എണ്ണം കൂട്ടും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ നിര്‍ബന്ധമായും പരിശോധനകള്‍ക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ ഇന്നലെ മാത്രം 111 അധിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60  കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios