ബെം​ഗളൂരു: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാന്‍ പറ്റിയ സമയമായെന്ന് കര്‍ണാടക ബിജെപി മന്ത്രി സിടി രവി. ബിജെപി രൂപികരിച്ചത് മുതല്‍ ഏകീകൃത സിവില്‍കോഡ് എന്നത് പാര്‍ട്ടി അജണ്ടയാണെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എല്ലാവരും സമത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മുൻകാലങ്ങളിൽ അസമത്വം ആഗ്രഹിച്ചവർ ഇപ്പോൾ സമത്വം തേടുകയാണ്. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു," സിടി രവി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കി, അയോദ്ധ്യ വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. സമയമാകുമ്പോൾ ഏകീകൃത സിവിൽ കോഡും തങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ആര്‍എസ്എസും ബിജെപിയും കാലങ്ങളായി വാദിക്കുന്ന ആശയമാണ് ഒരു രാജ്യം ഒരു നിയമം എന്ന പേരിൽ കേന്ദ്രസര്‍ക്കാര്‍  കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ നിയമം. ഏത് മതവിഭാഗത്തിൽ വിശ്വസിക്കുന്നവരായാലും നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായി വിവാഹം പിന്തുടര്‍ച്ച അവകാശം തുടങ്ങി എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും ഒരു നിയമം എന്നത് പ്രാവര്‍ത്തികമാക്കാനാണ് ഈ നിയമത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് .