ദേവനഗരിയിലെ ഹഗരിബൊമ്മനഹള്ളിയില്‍ മുന്‍മന്ത്രിയും കോൺഗ്രസ് നേതാവുമായ പരമേശ്വർ നായിക്കിന്‍റെ മകന്‍റെ വിവാഹത്തിനാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കർണാടക ആരോഗ്യമന്ത്രി എത്തിയത്. 

ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കാറ്റില്‍പറത്തി കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. ദേവനഗരിയില്‍ നടന്ന കോൺഗ്രസ് നേതാവിന്‍റെ മകന്‍റെ കല്യാണത്തിന് മാസ്ക് പോലും ധരിക്കാതെയാണ് മന്ത്രി എത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ദേവനഗരിയിലെ ഹഗരിബൊമ്മനഹള്ളിയില്‍ മുന്‍മന്ത്രിയും കോൺഗ്രസ് നേതാവുമായ പരമേശ്വർ നായിക്കിന്‍റെ മകന്‍റെ വിവാഹത്തിനാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കർണാടക ആരോഗ്യമന്ത്രി എത്തിയത്. മന്ത്രിയെ പൊതിഞ്ഞ ആൾക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോഴും മാസ്ക് പോലും ധരിച്ചിട്ടില്ല. സാമൂഹിക അകലം പേരിനുപോലുമില്ല. 50 പേർക്ക് മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയൂ എന്നിരിക്കെ നൂറുകണക്കിനാളുകളാണ് വിവാഹത്തിനെത്തിയത്.

ഇത് ആദ്യമായിട്ടല്ല ശ്രീരാമുലു കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത്. നേരത്തെ ചിത്രദുർഗയില്‍ മന്ത്രിക്ക് വന്‍ വരവേല്‍പ് നല്‍കിയതും വിവാദമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി തഹസില്‍ദാരോട് റിപ്പോർട്ട് തേടി. നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.