കോളാര്‍ (കര്‍ണാടക): ബീവറേജ് ഷാപ്പുകള്‍ വീണ്ടും തുറന്നതിന് പടക്കം പൊട്ടിച്ച് ആഘോഷിച്ച് നാട്ടുകാര്‍. ലോക്ക്ഡൌണ്‍ മൂന്നാം ഘട്ടത്തിലാണ് വൈന്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ഒരുമാസത്തിന് ശേഷം നടന്ന വൈന്‍ ഷോപ്പ് തുറക്കല്‍ കര്‍ണാടകയില്‍ വന്‍ ആഘോഷമായതിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഓറഞ്ച്, ഗ്രീന്‍, റെഡ് സോണിലെ കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെയുള്ള ബീവറേജുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്. 

ബീവറേജ് ഷോപ്പ് കെട്ടിടം മറ്റ് കെട്ടിടങ്ങളില്‍ നിന്ന് നിശ്ചിത അകലത്തിലുള്ളതാണെങ്കില്‍ മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത്. ആളുകള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കണമെന്നും നിശ്ചിത സമയം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയെന്നും നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയിരുന്നു. കാത്തിരുന്ന് വൈന്‍ ഷോപ്പുകള്‍ തുറന്നപ്പോള്‍ സന്തോഷം അടക്കാനാവാതെ പടക്കം പൊട്ടിച്ചാണ് കര്‍ണാടകയിലെ കോളാറിലെ ചിലര്‍ ആഘോഷിച്ചത്. വൈന്‍ ഷോപ്പ് തുറക്കുന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നാണ് ഉപഭോക്താക്കളുടെ പ്രതികരണം. രാജ്യതലസ്ഥാനത്തടക്കം വിവിധ സംസ്ഥാനങ്ങളിലെ മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ വലിയ തിരക്കാണ് ഉണ്ടായത്. 

 

കർണാടകത്തിലും ഛത്തീസ്ഗഢിലും ദില്ലിയിലും മദ്യക്കടകൾക്ക് മുന്നിൽ നീണ്ട നിര തന്നെയാണുണ്ടായത്. പലയിടങ്ങളിലും രാവിലെ 9 മണിക്കേ കട തുറക്കൂ എന്ന് പറഞ്ഞിരുന്നെങ്കിലും പുലർച്ചെ തന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്നത് ദൃശ്യമായിരുന്നു. പലയിടങ്ങളിലെയും തിരക്ക് പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാവുന്നതിലും അപ്പുറമായിരുന്നു. വലിയ രീതിയില്‍ തിരക്ക് രൂപപ്പെട്ടതോടെ ദില്ലിയില്‍ പലയിടത്തും പൊലീസ് എത്തി കടകള്‍ അടപ്പിച്ചു. കൊവിഡ് 19 ഏറ്റവുമധികം രൂക്ഷമായ മഹാരാഷ്ട്രയിലും മദ്യക്കടകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് നേരിട്ടത്. 

ദില്ലിയടക്കം തിങ്കളാഴ്ച മുതല്‍ മദ്യം വിൽക്കും: തിരക്കൊഴിവാക്കാൻ മദ്യ വില കൂട്ടി ആന്ധ്ര 

മദ്യത്തിന് എന്ത് സാമൂഹ്യ അകലം? തുറന്ന മദ്യശാലകൾക്ക് മുന്നിൽ വൻതിരക്ക്