ബെംഗളൂരു: ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ഡാമുകള്‍ തുറന്നു. കാളിനദി, കന്ദ്ര നദീ തീരങ്ങളിലെ പ്രളയസാധ്യത ഒഴിവാക്കാനായാണ് ഉത്തരകന്നഡയിലെ വലിയ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.  സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് പരമാവധി ഉയര്‍ന്നു. സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. 

കൊടക്, ചിക് മംഗളൂരു, മൈസൂരു, ഹാസന്‍, ഗോകര്‍ണം തുടങ്ങിയ ജില്ലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും  മഴ കനത്ത നാശം വിതച്ചു. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ കര്‍ണാടകയിലും മഴ ശക്തമായി തുടരുകയാണ്. വരും ദിവസങ്ങളിലും കര്‍ണാടകയില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. നിരവധി ജില്ലകളില്‍ റെഡ് അലെര്‍ട്ട് പുറപ്പെടുവിച്ചു. ഓഗസ്റ്റ് ഒമ്പത് വരെ കേരളത്തിലും കനത്ത മഴയുണ്ടാകുമെന്ന് പ്രവചനമുണ്ട്.