ബെംഗലുരു: ബിജെപിയുടെ അധികാരക്കൊതി കൊണ്ട് കർണാടകം രാജ്യത്തിന് മുന്നിൽ പരിഹാസ്യരായെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മഹാരാഷ്ട്ര സർക്കാർ കുറ്റവാളികളെപ്പോലെയാണ് ഡി കെ ശിവകുമാറിനെയും ജി ടി ദേവഗൗഡയെയും കൈകാര്യം ചെയ്തതെന്നും കുമാരസ്വാമി പറഞ്ഞു.

അതേ സമയം മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഡി കെ ശിവകുമാറിനെ രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിട്ടയച്ചു. എംഎൽഎമാരെ കാണാൻ ആഗ്രഹമുണ്ടെങ്കിലും തത്കാലം മുംബൈ പൊലീസ് നിർദ്ദേശിച്ച പ്രകാരം ബെംഗളുരുവിലേക്ക് മടങ്ങുമെന്ന് അറിയിച്ച ശിവകുമാർ ബെംഗലുരുവിലേക്ക് തിരിക്കുകയും ചെയ്തു.

രാഷ്ട്രീയ അസ്ഥിരതയുടേയും നാടകീയതയുടേയും വേദിയാവുകയാണ് കർണാടകം. ഇന്ന് രാജി വെച്ച കോൺഗ്രസ് എംഎൽഎ സുധാകറിനെ അനുനയിപ്പിക്കാനും ബലമായി പിടിച്ചു കൊണ്ടുപോകാനും കോൺഗ്രസ് എംഎൽഎമാർ ശ്രമിച്ചതിനെത്തുടർന്ന് വിധാൻ സൌദയുടെ വാതിൽ അടയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഗവർണറുടെ ഇടപെടലിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി സുധാകറിനെ രാജ്ഭവനിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാധ്യമപ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വിധാൻ സൌധയുടെ വാതിൽ തുറക്കുകയും മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു.

എന്നാൽ, വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കർണാടക സ്പീക്കർ രമേശ് കുമാർ പറഞ്ഞു. ബിജെപി തിടുക്കം കാണിക്കുന്നത് പോലെ തീരുമാനം കൈക്കൊള്ളാൻ കഴിയില്ല. നിയമപരമായേ മുന്നോട്ട് പോകൂ. നാളെയും എത്ര പേർ രാജിക്കത്തുമായി വന്നാലും സ്വീകരിക്കുമെന്നും സ്പീക്കർ രമേശ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എംഎൽഎമാരെ ഈ മാസം 17 ന് കാണുമെന്നും സ്പീക്കർ പറഞ്ഞു. കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു. 16 എംഎൽഎമാരുടെ രാജിയോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നാണ് ബിജെപി നേതാക്കൾ ഗവര്‍ണര്‍ വാജുഭായി വാലക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ പുറത്താക്കാൻ തയ്യാറാകണമെന്ന് ബിഎസ് യദ്യൂരപ്പ ആവശ്യപ്പെട്ടു. 

വിശ്വാസ വോട്ടെടുപ്പിന്‍റെ പ്രശ്നം പോലും ഉദിക്കുന്നില്ലെന്ന് ബിഎസ് യദ്യൂരപ്പ പറഞ്ഞു. കുമാര സ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പോലും ബിജെപി ഇപ്പോൾ ആവശ്യപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിമതരുടെ രാജിയിൽ ഉടൻ തീരുമാനമെടുക്കാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് ബിജെപി നേതാക്കൾ ഗവര്‍ണറെ കണ്ടത്.