ലോക്ക് ഡൗൺ: ഏപ്രിൽ 14 വരെ റോഡിൽ സ്വകാര്യ വാഹനങ്ങൾ പാടില്ല; കർശന മുന്നറിയിപ്പുമായി കർണാടക പൊലീസ് 

കർണാടക: കൊവിഡ് 19 ബാധ തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്താകെ 21 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിക്കുകയാണ്. വീട്ടിലടച്ചിരുന്ന് മറ്റുള്ളവരുമായി സമ്പർക്കം പാടെ ഒഴിവാക്കുകയാണ് കൊറോണ വ്യാപനം തടയാനുള്ള ഏക മാർ​ഗമെന്ന് അധികൃതർ കര്‍ശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ കർശനമായ യാത്ര നിയന്ത്രണങ്ങളും നിലവിലുണ്ട്. എന്നാൽ നിയന്ത്രണങ്ങളെയും നിർദ്ദേശങ്ങളെയും അവ​ഗണിച്ച് ചില ആളുകൾ റോഡിലിറങ്ങി നടക്കുകയും സാധനങ്ങൾ വാങ്ങാൻ കടകളിലെത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം ആളുകൾ വേണ്ടി പുതിയ നിയന്ത്രണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കർണാടക സർക്കാർ. ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 വരെ സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കാൻ പാടില്ല എന്നാണ് പുതിയ നിർദ്ദേശം. കർണാടക ഡിജിപി ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Scroll to load tweet…

'ഏപ്രിൽ ഫൂൾ തമാശയാണ് ഇതെന്ന് കരുതണ്ട. ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ14 വരെ റോഡുകളിൽ സ്വകാര്യവാഹനവുമായി ഇറങ്ങാൻ പാടില്ല. ഈ മുന്നറിയിപ്പ് നിങ്ങൾ അവ​ഗണിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതായിരിക്കും.' കർണാടക ഡിജിപി ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നു. സാധനങ്ങൾ വാങ്ങാൻ കടകളിലേക്ക് കാൽനടയായി പോകാനും ലോക്ക് ഡൗൺ നിയമങ്ങളെ ബഹുമാനിക്കാനും ട്വീറ്റിൽ പറഞ്ഞിട്ടുണ്ട്. ഏപ്രിൽ 1നാണ് ട്വീറ്റ്. ഒന്നാം തീയതി മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. മറ്റൊരു ട്വീറ്റിൽ ഏപ്രിൽ1 ഏഴ് മണി വരെയുള്ള സമയത്ത് പിടിച്ചെടുത്ത വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 6321 ഇരുചക്രവാഹനങ്ങൾ, 227 മുച്ചക്ര വാ​ഹനങ്ങൾ, 304 ഫോർവീലേഴ്സ് എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്.