കര്‍ണാടക: വിമത എംഎൽഎമാര്‍ രാജിയിലുറച്ച് നിൽക്കുമ്പോൾ കര്‍ണാടകയിൽ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല. എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനം എടുക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെ സ്പീക്കര്‍ രംഗത്തെത്തി. വിമത എംഎൽഎമാരുടെ രാജി കത്തുകളിൽ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്ന്  കര്‍ണാടക സ്പീക്കർ  സുപ്രീംകോടതിയെ  അറിയിച്ചു.

എംഎൽഎമാരെ കണ്ട് ഒരു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സുപ്രീംകോടതി അഭ്യര്‍ത്ഥന പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കറുടെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെയാണ് സ്പീക്കര്‍ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്പീക്കറോട് ഹർജി നൽകാൻ ആവശ്യപ്പെട്ട കോടതി ഇക്കാര്യം നാളെ പരിഗണിക്കാമെന്നും പറഞ്ഞു.

അതിനിടെ കര്‍ണാടക പ്രതിസന്ധിയിൽ സുപ്രീംകോടതി ഇടപെടൽ ഉണ്ടായതിന് പിന്നാലെ രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും രംഗത്തെത്തി. രാജി വക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വിശദീകരിച്ചു.

2008 ൽ സമാനമായ സാഹചര്യത്തിലൂടെ യദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ട്. അന്ന് അദ്ദേഹം രാജി വയ്ക്കാൻ തയ്യാറായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. അനുനയ ശ്രമങ്ങൾ അവസാന നിമിഷവും തുടരുക തന്നെയാണ് കോൺഗ്രസ് നിലപാടെന്നും വ്യക്തം. ഭരണം നിലനിര്‍ത്താൻ ഏതറ്റം വരെയും പോകണമെന്നാണ് എച്ച്ഡി കുമാരസ്വാമി മന്ത്രിസഭായോഗത്തിലും വ്യക്തമാക്കിയത്.

 

ആറ് മണിക്കകം സ്പീക്കറെ കാണാണമെന്നാണ് വിമത എംഎൽഎമാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്.  ഇതനുസരിച്ച് മുംബൈയിൽ നിന്ന് വിമത എംഎൽഎമാര്‍ സ്പീക്കറെ കാണാൻ ബെംഗലൂരുവിലേക്ക് തിരിച്ചു. നേരിട്ട് കാണാതെ രാജി അംഗീകരിക്കാൻ കഴിയില്ലെന്നും നടപടി ക്രമങ്ങൾ മുഴുവൻ പാലിക്കപ്പെടണമെന്നുമാണ് സ്പീക്കറുടെ നിലപാട്. അതേസമയം 

 

 

എംഎൽഎമാരെ കണ്ട ശേഷം നാളെ തീരുമാനം അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും തീരുമാനം ഉടൻ ഉണ്ടാകില്ലെന്ന നിലപാടിൽ തന്നെയാണ് സ്പീക്കറെന്നാണ് സൂചന. രാജിക്കാര്യം സ്പീക്കറുടെ വിവേചനവും ഭരണഘടനാപരമായ അവകാശമാണെന്നാണ് സ്പീക്കര്‍ പറയുന്നത്. രാജിക്കത്ത് വിശദമായി പരിശോധിക്കണം. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള സ്വാധീനം രാജിക്ക് പിന്നിലുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍  പറയുന്നു. 

എംഎൽഎമാരുടെ രാജിക്കാര്യം പരിഗണിക്കുമ്പോൾ തന്നെ അവരുടെ അയോഗ്യത അടക്കമുള്ള കാര്യങ്ങളിലും തീരുമാനം വേണമെന്ന സൂചന സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഏതായാലും വിമത എംഎൽഎമാരെ കണ്ട ശേഷം സ്പീക്കര്‍ എന്ത് തീരുമാനം എടുക്കുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.