Asianet News MalayalamAsianet News Malayalam

അനുനയത്തിന് തീവ്രശ്രമവുമായി കോൺഗ്രസ്: അഞ്ച് വിമതർ കൂടി സുപ്രീംകോടതിയിൽ

ഇതോടെ രാമലിംഗറെഡ്ഡി ഒഴികെ മറ്റെല്ലാ വിമത എംഎൽഎമാരും സുപ്രീംകോടതിയിലെത്തി. പക്ഷേ, ഇതിലൊരാൾ അൽപസമയം മുൻപ് സിദ്ധരാമയ്യയെ കണ്ട്, രാജി പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. 

karnataka political crisis five more mlas in supreme court
Author
Bengaluru, First Published Jul 13, 2019, 3:59 PM IST

ബെംഗളുരു: കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾക്കും പ്രതിസന്ധിക്കും അനിശ്ചിതത്വങ്ങൾക്കും ഒരാഴ്ചയ്ക്ക് ശേഷവും അയവില്ല. കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടാൻ പോവുകയാണെന്നും അടിയന്തരമായി സ്പീക്കറോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നും പറഞ്ഞ് അഞ്ച് എംഎൽഎമാർ കൂടി സുപ്രീംകോടതിയെ സമീപിച്ചു. വിശ്വാസവോട്ടിൽ പങ്കെടുക്കാൻ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കർ രാജി സ്വീകരിക്കാത്ത പക്ഷം അയോഗ്യരാകുമെന്നും പുതുതായി സുപ്രീംകോടതിയെ സമീപിച്ച എംഎൽഎമാർ പറയുന്നു.

ആദ്യം രാജി വച്ച ആനന്ദ് സിംഗ്, ഡോ. കെ സുധാകർ, എംടിബി നാഗരാജ്, മുനിരത്ന, റോഷൻ ബെയ്‍ഗ് എന്നിവരാണ് ഇപ്പോൾ പുതുതായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഇതിലൊരാൾ ഇന്ന് നാടകീയമായി വീണ്ടും സിദ്ധരാമയ്യയെ കണ്ടു. സുപ്രീംകോടതി ഇനി ചൊവ്വാഴ്ച മാത്രമേ കേസ് പരിഗണിക്കൂ എന്നതിനാൽ കിട്ടിയ സമയം കൊണ്ട് സമവായനീക്കം തകൃതിയായി നടക്കുകയാണ് ബെംഗളുരുവിൽ. എല്ലാ എംഎൽഎമാരെയും കോൺഗ്രസ് - ജെഡിഎസ് നേതൃത്വങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. പരമാവധി എംഎൽഎമാരെ മൂന്ന് ദിവസം കൊണ്ട് സ്വന്തം ക്യാംപിലേക്ക് തിരിച്ചെത്തിക്കാനാണ് ഇരു നേതൃത്വങ്ങൾ ശ്രമിക്കുന്നത്. 

രാജി വച്ച മന്ത്രി എംടിബി നാഗരാജിനെ പുലർച്ചെ അഞ്ച് മണിക്കാണ് ഡി കെ ശിവകുമാർ വീട്ടിലെത്തി കണ്ടത്. നാലര മണിക്കൂറോളം അവിടെ ശിവകുമാർ ചെലവിട്ടു. ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നാഗരാജിന്‍റെ വീട്ടിലെത്തി. രാമലിംഗറെഡ്ഡി, മുനിരത്ന, റോഷൻ ബെയ്‍ഗ് എന്നിവരുമായും സമാനമായ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി കുമാരസ്വാമി കൂടി നാല് കോൺഗ്രസ് എംഎൽഎമാരെയെങ്കിലും നേരിട്ട് വിളിക്കുന്നുണ്ടെന്നാണ് സൂചന. 

പുതുതായി അഞ്ച് എംഎൽഎമാർ കൂടി സുപ്രീംകോടതിയിലെത്തിയതോടെ, സ്പീക്കർക്കെതിരെ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചവരുടെ എണ്ണം 15 ആയി. ഇന്ന് മുംബൈയിൽ കഴിയുന്ന വിമത എംഎൽഎമാർ ക്ഷേത്രദർശനത്തിനാണ് സമയം ചെലവാക്കിയത്. ഷിർദി സായി ബാബ ക്ഷേത്രത്തിൽ ദർശനം നടത്തി പത്ത് പേരും. 

വിശ്വാസവോട്ടിന് സഖ്യസർക്കാരും ബിജെപിയും ഒരുങ്ങുമ്പോൾ, എല്ലാ എംഎൽഎമാരെയും ഇരുപാർട്ടികളും റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വിശ്വാസവോട്ടിന് തയ്യാറാണെന്നും, ഇനി സഭയിൽ കാണാമെന്നും യെദിയൂരപ്പയും പറഞ്ഞു. 

ഇപ്പോൾ കണക്കിലെ കളിയെന്ത്?

ആകെ കർണാടക നിയമസഭയിൽ അംഗസംഖ്യ - 225 (സ്പീക്കറെയും നോമിനേറ്റഡ് അംഗത്തെയും ചേർത്ത്)

കേവലഭൂരിപക്ഷം - 113 

കോൺഗ്രസ് + ദൾ + കെപിജെപി + ബിഎസ്‍പി + നോമിനേറ്റഡ് = 119

ബിജെപി - 105

രാജിക്കത്തുകളെല്ലാം സ്വീകരിച്ചാൽ:

11 കോൺഗ്രസ് എംഎൽഎമാരും 3 ജെഡിഎസ് എംഎൽഎമാരുമാണ് രാജി വച്ചത്. രാജിക്കത്തുകൾ സ്വീകരിക്കപ്പെട്ടാൽ, 

225 അംഗ നിയമസഭയിലെ എണ്ണം - 225-14 = 211 ആയി ചുരുങ്ങും.

അപ്പോൾ കേവലഭൂരിപക്ഷത്തിന് വേണ്ട എണ്ണം 211 / 2 = 106 (105.5 എന്ന സംഖ്യ 106 തന്നെയായി കണക്കാക്കും) 

അധികാരം കിട്ടാൻ വേണ്ട എണ്ണം = 106 + 1 = 107. 

ഇതിനിടെ സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച്, സ്വതന്ത്രൻ എച്ച് നാഗേഷ് മന്ത്രിപദവി രാജി വച്ച്, ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരംഗം കൂടി സഖ്യസർക്കാരിൽ നിന്ന് കുറഞ്ഞു. കെപിജെപിയും പിന്തുണ പിൻവലിച്ച് ബിജെപിക്കൊപ്പം പോയി. കൂടെ ഒരു കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്‍ഗ് രാജി വച്ചു. ഇതോടെ,

കോൺഗ്രസിന്‍റെയും ജെഡിഎസ്സിന്‍റെയും അംഗസംഖ്യ = 119 - 6 = 103

ബിജെപി - 105 + 2 (സ്വതന്ത്രന്‍റെയും കെപിജെപിയുടെയും പിന്തുണ) = 107  

രാജി വച്ച എംഎൽഎമാരായ സ്വതന്ത്രൻ എച്ച് നാഗേഷും, കെപിജെപി എംഎൽഎ ആർ ശങ്കറും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമസഭയിൽ 105 എംഎൽഎമാർ സ്വന്തമായുള്ള ബിജെപിക്ക് ഇതോടെ 107 ആയി ഭൂരിപക്ഷം എന്നാണ് യെദിയൂരപ്പ അവകാശപ്പെടുന്നത്. 14 പേരുടെ രാജി അംഗീകരിച്ച് കഴിഞ്ഞാൽ 225 അംഗനിയമസഭയിൽ 211 ആയി ചുരുങ്ങും. ഇതോടെ അധികാരമുറപ്പിക്കാനുള്ള അംഗസംഖ്യ, അതായത് കേവലഭൂരിപക്ഷം 106 ആയി കുറയും. അതായത് അധികാരത്തിലേറാൻ 107 എംഎൽഎമാർ മതിയെന്നർത്ഥം. ഈ 107 സ്വന്തം കയ്യിലുണ്ടെന്നാണ് യെദിയൂരപ്പ പറയുന്നത്. 

Follow Us:
Download App:
  • android
  • ios