ബംഗളൂരു: അഴിമതിക്കേസില്‍ കസ്റ്റഡിയിലെടുത്ത വിമത കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഈ മാസം 19ന് വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചത്.  തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കാന്‍ റോഷന്‍ ബെയ്ഗ് തയ്യാറായില്ല.

രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയിൽ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ്  റോഷന്‍ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന്  പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ബെയ്‍ഗ് പിടിയിലായത്.   പ്രത്യേക അന്വേഷണ സംഘമാണ് ബൈയ്‍ഗിനെ കസ്റ്റഡിയിൽ എടുത്തത്.  

ബിജെപി നേതാവ് ബി എസ് യെദ്യൂയൂരപ്പയുടെ പിഎ സന്തോഷും ബെയ്ഗിനൊപ്പമുണ്ടായിരുന്നു  എന്നും പൊലീസിനെ കണ്ടപ്പോൾ സന്തോഷ്‌ കടന്നുകളഞ്ഞെന്നും മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു. ബിജെപി എംഎൽഎ യോഗേശ്വറും സ്ഥലത്ത് ഉണ്ടായിരുന്നതായും കുമാരസ്വാമി ആരോപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ റോഷന്‍ ബെയ്ഗ് തയ്യാറായില്ല.