ബെംഗളുരു: കർണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിന്റെ മൊഴിയെടുക്കാൻ ബെംഗളൂരു പൊലീസ് മുംബൈയിലെത്തി. സ്പീക്കറുടെ നിർദ്ദേശപ്രകാരമാണ് നടപടി. എംഎൽഎ മുംബൈയിൽ എത്തിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാനാണ് കർണാടക സ്പീക്കര്‍ നിർദ്ദേശിച്ചിരിക്കുന്നത്. ശ്രീമന്ത് പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയി എന്നാണ് കോൺഗ്രസിന്റെ ആരോപണം. 

കർണാടകയിലെ കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈ സെന്റ് ജോർജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ ഇദ്ദേഹം ബോംബെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം കർണാടകയിലെ റിസോർട്ടിൽ കഴിഞ്ഞിരുന്ന ശ്രീമന്ത് പാട്ടീലിനെ കഴിഞ്ഞ ദിവസം രാത്രി റിസോർട്ടിൽ നിന്നും കാണാതായിരുന്നു. താൻ ആശുപത്രിയിലാണെന്ന് പറഞ്ഞ് ശ്രീമന്ത് പാട്ടീലിന്റെ കത്ത് കിട്ടിയെന്നും കത്തിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നും കർണാടക സ്പീക്കർ കെ ആർ രമേഷ് കുമാർ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു.

അതേസമയം, ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് വേണ്ടെന്നാണ് സഖ്യത്തിലെ ധാരണ. എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. 

Read Also: കര്‍ണാടക: വിശ്വാസവോട്ടെടുപ്പ് ഇന്ന് വേണമെന്ന് ഗവര്‍ണർ; നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്