Asianet News MalayalamAsianet News Malayalam

സ്കൂളില്‍ ഗണേശ പ്രതിമക്ക് മുന്നില്‍ പ്രാര്‍ഥിച്ചു, വിദ്യാര്‍ഥിനിയുടെ കൈതല്ലിയൊടിച്ച് പ്രധാന്യാധ്യാപിക, നടപടി

 വിദ്യാര്‍ഥിനിയുടെ ചികിത്സാ ചിലവും അധ്യാപിക വഹിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്

karnataka teacher allegedly breaks student's hand for worshiping in school
Author
First Published Sep 23, 2023, 11:03 AM IST

 
ബെംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ വിദ്യാര്‍ഥിനിയുടെ കൈയൊടിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കോലാറിലെ കെജിഎഫ് താലൂക്കിലെ അല്ലികല്ലി ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പ്രഥമാധ്യാപികയായ ഹേമലതക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. സ്കൂളില്‍ ഗണേശ പ്രതിമക്ക് മുന്നില്‍ ആരാധന നടത്തിയെന്നാരോപിച്ചാണ് വിദ്യാര്‍ഥിനിയെ അധ്യാപിക തല്ലിയതെന്നാണ് പരാതി.

അധ്യാപികയുടെ മര്‍ദനത്തില്‍ വിദ്യാര്‍ഥിനിയുടെ ഇടതുകൈയാണ് ഒടിഞ്ഞത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോലാര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ കൃഷ്ണ മൂര്‍ത്തിയാണ് പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി  സസ്പെന്‍ഡ് ചെയ്തത്.  പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ കെജിഎഫ് ബ്ലോക്ക് എജുക്കേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥിനിയെയും രക്ഷിതാക്കളെയും സന്ദര്‍ശിച്ച ബിഇഒ പ്രധാനാധ്യാപികക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

പ്രഥമാധ്യാപിക വിദ്യാര്‍ഥിനിയെ മര്‍ദിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥിനിയുടെ ചികിത്സാ ചിലവും അധ്യാപിക വഹിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്കൂളില്‍ ഗണേശ വിഗ്രഹത്തിന് മുന്നില്‍ പ്രാര്‍ഥിച്ചതിന്‍റെ പേരില്‍ പ്രൈമറി ക്ലാസ് വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപിക തല്ലുകയായിരുന്നു. മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ ഇടതുകൈയിക്ക് സാരമായി പരിക്കേറ്റുവെന്നും ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഒടിഞ്ഞതായി വ്യക്തമായതെന്നുമാണ് രക്ഷിതാക്കളുടെ പരാതി. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപികക്കെതിരെ വലിയരീതിയിലുള്ള പ്രതിഷേധം ഉയരുകയായിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ വിശദമായ അന്വേഷണം നടത്തുന്നതും തുടര്‍ നടപടി സ്വീകരിക്കുന്നതും. വിദ്യാര്‍ഥിനിയുടെ തുടര്‍ചികിത്സ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ആവശ്യമായ സഹായം ഉള്‍പ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

അണുബാധ; ബെന്നാ‍‍ർഘട്ട പാര്‍ക്കില്‍ പുള്ളിമാനുകള്‍ കൂട്ടത്തോടെ ചത്തു, അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

 

Follow Us:
Download App:
  • android
  • ios