ബംഗലൂരു: പുതിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വര്‍ദ്ധിപ്പിച്ച വാഹന നിയമ ലംഘന പിഴകള്‍ കര്‍ണാടക കുറച്ചു. കര്‍ണാടക ഡ‍െപ്യൂട്ടി മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ലക്ഷ്മണ സംഗപ്പയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. നേരത്തെ തന്നെ ഈ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ അറിയിച്ചിരുന്നു.

പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ പിഴകള്‍ കുറച്ച ഗുജറാത്ത് മോഡല്‍ പഠിച്ച് സംസ്ഥാനത്തിന് ഉചിതിമായ നടപടികള്‍ എടുക്കാന്‍ യെഡ്യൂരപ്പ നിര്‍ദേശിച്ചിരുന്നു. ഗുജറാത്ത് മോഡലില്‍ തന്നെയാണ് കര്‍ണാടകയും പിഴ ശിക്ഷ കുറച്ചിരിക്കുന്നത്.

ഇത് പ്രകാരം സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ 1000ത്തിന് പകരം പിഴ ശിക്ഷ 500 ആയിരിക്കും. ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചാല്‍ 2000 രൂപയും, നാല് ചക്ര വാഹനം ഓടിച്ചാല്‍ 3000 ആയിരിക്കും പിഴ. ഇത് നേരത്തെ 5000 ആയിരുന്നു.

കര്‍ണാടകയ്ക്ക് മുന്‍പ് മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ നിയമം നടപ്പിലാക്കിയിരുന്നില്ല. എന്നാല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ പിഴ പിന്നീട് കുറച്ചു.