ബെംഗളൂരു: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അടച്ച അതിര്‍ത്തിയിലെ രണ്ട് റോഡുകള്‍ തുറക്കുമെന്ന് കര്‍ണാടകം. വയനാട്, കണ്ണൂര്‍ അതിര്‍ത്തികളിലെ റോഡുകളായിരിക്കും തുറക്കുക. എന്നാല്‍  കാസര്‍കോട് അതിര്‍ത്തികളിലെ റോഡ് തുറക്കില്ലെന്ന് കര്‍ണാടകം ഹൈക്കോടതിയില്‍ അറിയിച്ചു. അതിര്‍ത്തികളില്‍ രോഗികളെ തടയരുതെന്നും ആശുപത്രി ആവശ്യങ്ങള്‍ക്കായി മംഗലാപുരം കാസര്‍കോട് റൂട്ട് തുറന്നു കൊടുക്കണമെന്നും ഹൈക്കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇരുട്ടി, കൂര്‍ഗ്, വിരാജ്‍പേട്ട റോഡ് തുറക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ നാളെ കര്‍ണാടകം തീരുമാനം അറിയിക്കും. കര്‍ണാടക എജിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി കേരളാ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. അതിര്‍ത്തി അടച്ചത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കർണ്ണാടക സർക്കാർ ബാരിക്കേഡ് വച്ച് അടച്ചത് ദേശീയപാതയാണ് . ദേശീയപാത കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായതിനാൽ  സംസ്ഥാന സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു

മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ വന്നതോടെ ഇന്നലെ കാസർകോട് രണ്ട് പേരാണ് മരിച്ചത്. കർണാടകം അതിർത്തി തുറക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് രണ്ട് ജീവനുകൾ കൂടി നഷ്ടമായത്. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവൻ, കുഞ്ചത്തൂർ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. അതിർത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും. മംഗലാപുരത്തേക്കുള്ള അതിർത്തി അടച്ചതിനാൽ, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലൻസിൽ വച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്‍റെ മരണം.

ആയിഷയെ അത്യാസന്ന നിലയിൽ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില അതീവ ഗുരുതരമായതിനാൽ ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാൽ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഉദുമയിൽ വച്ചാണ് മരണം സംഭവിച്ചത്. കാറിലായിരുന്നു ആയിഷയെ കാഞ്ഞങ്ങാടേക്ക് കൊണ്ടുപോയത്. 5.30 യോടെയാണ് മരണം.