കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹർജിയും, അന്വേഷണം സിബിഐക്ക് വിടണമെന്ന ടിവികെയുടെ ആവശ്യത്തിലും മദ്രാസ് ഹൈക്കോടതി നാളെ വിധി പറയും
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി എം കെ സർക്കാരിനും നാളെ നിർണായകമായ ദിവസം. സെപ്റ്റംബർ 27 ന് കരൂരിൽ നടന്ന ടി വി കെ റാലിയിൽ 41 പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയും, അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന് ടി വി കെ സമർപ്പിച്ച ഹർജിയും മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും. ഡി എം കെ സർക്കാർ സി ബി ഐ അന്വേഷണത്തെ അതിശക്തമായി എതിർക്കുന്നു. അന്വേഷണം സി ബി ഐക്ക് വിട്ടാൽ അത് ഡി എം കെ സർക്കാരിനുള്ള തിരിച്ചടിയായി വിലയിരുത്തപ്പെടാൻ സാധ്യതയുണ്ട്. പ്രതിപ്പട്ടികയിലുള്ള ടി വി കെ ഭാരവാഹികളായ ബുസി ആനന്ദും നിർമൽകുമാറും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകളും മധുര ബെഞ്ച് നാളെ പരിഗണിക്കുന്നുണ്ട്.
അതേസമയം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സി പി എം സംഘം നാളെ കരൂരിലെത്തും. ദുരന്തഭൂമി സന്ദശിക്കുന്ന സംഘം ഉച്ചയ്ക്ക് വാർത്താസമ്മേളനം നടത്തുന്നുണ്ട്. കേരളത്തിൽ നിന്നുളള എം പിമാരായ കെ രാധാകൃഷ്ണനും വി ശിവദാസനും സംഘത്തിലുണ്ടാകും.
വിജയ്ക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടിൽ സ്റ്റാലിൻ
വിജയ്ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനമെടുത്തത് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണെന്ന് ഡി എം കെ വൃത്തങ്ങൾ പറഞ്ഞു. സ്റ്റാലിൻ പ്രധാനമായും പറഞ്ഞത് മൂന്ന് കാരണങ്ങളാണെന്നാണ് വിവരം.
1. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കം ആകും. രാഷ്‌ട്രീയ യോഗങ്ങളിലെ അപകടത്തിൽ പാർട്ടികളുടെ ഉന്നത നേതാക്കളെ പ്രതിയാക്കുന്നത് ശരിയല്ല.
2. വിജയിനെ ഒറ്റപ്പെടുത്തിയാൽ ബി ജെ പി അവസരം മുതലെടുക്കാൻ സാധ്യതയുണ്ട്. സാഹചര്യം മുതലെടുത്ത് സഖ്യത്തിന് ശ്രമിച്ചേക്കാം.
3. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപ്രേരിതമായ നടപടി എന്ന ആരോപണത്തിന് പഴുത് നൽകരുത്.
ഗൂഢാലോചനാ വാദം അവഗണിച്ച് തമിഴ്നാട് സർക്കാർ
അതേസമയം കരൂർ ദുരന്തത്തിൽ വിജയ്‍യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാനാണ് തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം. വിജയ്‌യുടെ 'രാഷ്ട്രീയ ഗൂഢാലോചനാ' ആരോപണങ്ങൾ അവഗണിച്ച് ഡി എം കെ നേതാവ് സെന്തിൽ ബാലാജി, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. ദുരന്തത്തിന്റെ ഉത്തരവാദിത്തം സംഘാടകരുടെ പിഴവിലാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഭരണകക്ഷിയായ ഡി എം കെ.


