തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും. വിജയ്ക്കൊപ്പം സെൽഫി എടുക്കാൻ പോയതാണ് ഇരുവരും. ഒരുമിച്ച് ജീവിക്കും മുന്നേ രണ്ടാളും പോയെന്ന് ബന്ധുക്കൾ.

ചെന്നൈ തമിഴ്നാട്ടിൽ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും. കരൂർ സ്വദേശികളായ ആദർശും ഗോകുലശ്രീയുമാണ് മരിച്ചത്. വിജയ്‌യെ കാണാൻ പെണ്ണും ചെക്കനും കൂടെ പോയതാ. വിജയ്ക്കൊപ്പം സെൽഫി എടുക്കാൻ പോയതാണ് ഇരുവരും. അടുത്ത മാസം കല്യാണമായിരുന്നു. ഒരുമിച്ച് ജീവിക്കും മുന്നേ രണ്ടാളും പോയെന്ന് ബന്ധുക്കൾ പറഞ്ഞു. വൈകീട്ട് 6:30നു സംസാരിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായെന്ന് ബന്ധുക്കൾ പറഞ്ഞു.

മരിച്ചത് 39 പേ‍‍‍ർ

തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 38 പേരെ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളത്. 111 പേരാണ് ചികിത്സയിലുള്ളത്. 51പേ‍‍ർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും കരൂര്‍ ആശുപത്രി ഡീൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ 14 പേരുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നൽകി തുടങ്ങി. പരിക്കേറ്റ് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡീൻ വ്യക്തമാക്കി. കരൂര്‍, നാമക്കൽ, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്‍മോര്‍ട്ടം നടപടകള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ വേഗത്തിൽ വിട്ടുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പുലര്‍ച്ചെ 3.30ഓടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. പരിക്കേറ്റവരെയും ആശ്വസിപ്പിച്ചു. ആശുപത്രിയിൽ അവലോകന യോഗം ചേര്‍ന്ന ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്. കരൂര്‍ ദുരന്തത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് 12 മണിക്ക് വിജയ് വരുമെന്ന് പറഞ്ഞെങ്കിലും എത്തിയപ്പോൾ രാത്രി ഏഴു മണിയായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെള്ളവും ഭക്ഷണവും കിട്ടാതെ ആളുകൾ ബോധംകെട്ട് വീഴുകയായിരുന്നുവെന്നും ദൃ‍ക്സാക്ഷികൾ പറഞ്ഞു. വിജയിയുടെ വരവ് വൈകിയതോടെ വിജയ് ഉള്ളിടത്തേക്ക് ആള്‍ക്കൂട്ടം നീങ്ങാൻ നോക്കി. ഇതാണ് തിക്കിലും തിരക്കിലും കലാശിച്ചതും വൻ ദുരന്തത്തിലേക്ക് നയിച്ചതും. അപകടമുണ്ടായ ശേഷം സമീപത്തെ അക്ഷയ ആശുപത്രിയിൽ ആണ് ആദ്യം ആളുകളെ എത്തിച്ചത്. അപകടം നടന്നപ്പോൾ ആളുകളെ മിക്കവരെയും തോളിൽ എടുത്താണ് ആശുപത്രിയിൽ എത്തിച്ചതെന്നും കൊണ്ടുവന്നവരിൽ പകുതിയിൽ അധികവും മരിച്ചിരുന്നെന്നും ആശുപത്രി ജീവനക്കാരൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി തമിഴ്നാട് സര്‍ക്കാര്‍ പത്ത് ലക്ഷം പ്രഖ്യാപിച്ചു.

ഹൃദയം തകർന്നെന്ന് വിജയ്

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം എക്സിലൂടെ വിജയ് പ്രതികരിച്ചു. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു. അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. ദുരന്തത്തിന് ശേഷം തിരുച്ചിറപ്പള്ളി വഴിയാണ് വിജയ് ചെന്നൈയിലെത്തിയത്. വിജയ് യുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ വ‍ർദ്ധിപ്പിച്ചു.

YouTube video player