ശ്രീനഗർ: പാക്കിസ്ഥാനിൽ നിന്നുള്ള സംഘം അതിർത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം ബിഎസ്എഫ് ജവാന്മാരുടെ ശക്തമായ ചെറുത്തുനിൽപ്പിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം.

നൗഗാം സെക്ടറിൽ ഇന്ന് രാവിലെയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഒരു സംഘം നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇത് ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയിൽപെട്ടു. പിന്നാലെ ജവാന്മാർ വെടിയുതിർത്തു. ഇതോടെയാണ് പാക് സംഘം പിൻവാങ്ങിയത്.

സെപ്തംബർ 12, 13 തീയ്യതികളിലും സമാനമായ സംഭവം നടന്നിരുന്നു. ഇതിൽ പാക്കിസ്ഥാന്റെ ഒരു സൈനികൻ ബിഎസ്എഫ് ജവാന്മാരുടെ വെടിയേറ്റ് മരിച്ചിരുന്നു. 

ഭീകരാക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഇന്ത്യാ-പാക് അതിർത്തിയിലും അന്താരാഷ്ട്ര ബോർഡറിലും ശക്തമായ സൈനിക നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.