ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് തൊട്ട് പിന്നാലെ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് പുലിറ്റ്സർ പുരസ്കാരം നല്‍കിയതിന് വിമര്‍ശനവുമായി കശ്മീര്‍ എസ്എസ്പി ഇംതിയാസ് ഹുസൈന്‍. 2017ല്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട പൊലീസുകാരന്‍റെ വിങ്ങിപ്പൊട്ടുന്ന മകളുടെ ചിത്രം പങ്കുവച്ചാണ് ഇംതിയാസ് ഹുസൈന്‍റെ വിമര്‍ശനം. ജമ്മുകശ്മീരില്‍ 2017 ല്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിന് ഇടയില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന പൊലീസുകാരന്‍റെ സംസ്കാരം ചടങ്ങുകള്‍ക്കിടെ വിങ്ങിപ്പൊട്ടുന്ന മകളുടെ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. 

ഏറെകാലത്തേക്ക് മനസാക്ഷിയെ വേട്ടയാടുന്ന ഈ ചിത്രത്തിന് അവാര്‍ഡില്ലേയെന്നാണ് ഇംതിയാസ് ഹുസൈന്‍ ട്വീറ്റില്‍ ചോദിക്കുന്നത്. നേരത്തെ പുരസ്കാരം നേടിയ  ഫോട്ടോഗ്രാഫര്‍മാരെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. 

ദി അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാരായ ചന്നി ആനന്ദ്, മുക്താര്‍ ഖാന്‍, ദര്‍ യാസിന്‍ എന്നീ ഫോട്ടോഗ്രാഫര്‍മാരാണ് 2020 ലെ പുലിസ്റ്റര്‍ പുരസ്കാരം നേടിയത്. ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ പൂര്‍ണ്ണമായും കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഈ കര്‍ഫ്യൂ കാലത്ത് എടുത്ത ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ പുരസ്കാരം ലഭിച്ചത്. 

പതിവില്‍ നിന്ന് വ്യത്യസ്തമായി മഹാമാരിയെ തുടര്‍ന്ന് ലോകം മുഴുവനും ലോക്ഡൗണില്‍ കിടക്കുന്നതിനിടെ, പുലിറ്റ്സര്‍ ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ഡാന കനേഡി യൂട്യൂബിലൂടെയാണ് ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനം നടത്തിയത്. ജമ്മുകാശ്മീരിലെ കര്‍ഫ്യൂവിന് ഇടയില്‍ സാഹസികമായാണ് ചിത്രങ്ങള്‍ എടുത്തതെന്ന് വിജയികള്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ ഇന്‍റര്‍നെറ്റ് ബന്ധവും മൊബൈല്‍ ഫോണും ഇല്ലാതിരുന്ന ലോക്ഡൗണ്‍ കാലത്ത്, ക്യാമറ പച്ചക്കറി ബാഗില്‍ ഒളിപ്പിച്ച് വച്ചും വീടുകളില്‍ ഒളിച്ചിരുന്നുമാണ്  ചിത്രങ്ങള്‍ എടുത്തതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. കശ്മീരിലെ സംഘര്‍ഷാവസ്ഥയുടെ നേര്‍ചിത്രങ്ങളാണ് ഇവര്‍ ഒപ്പിയെടുത്തതെന്ന് അവാര്‍ഡ് ദാന സമിതി വിലയിരുത്തിയത്.