''നിരവധി വർഷങ്ങളായി ഹ്യൂണ്ടായി മോട്ടോർ കമ്പനി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളോട് വിശ്വസ്തരായിരിക്കുന്നത് തുടരും...''

ദില്ലി: പാകിസ്ഥാന്‍ (Pakistan) ആചരിക്കുന്ന കശ്മീര്‍ സോളിഡാരിറ്റി ഡേയില്‍ കശ്മീരി വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്ക് പോസ്റ്റ് വന്ന സംഭവത്തിൽ വിശദീകരണവുമായി ഹ്യുണ്ടായി (Hyundai). പാക്കിസ്ഥാനിലെ ഹ്യൂട്ടായി വിതരണക്കാരൻ ആണ് അത് ചെയ്തതെന്നും അതുമായി ഹ്യൂണ്ടായി കമ്പനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നുമാണ് വിശദീകരണം. അതേസമയം വിഷയം വിവാദമായതോടെ വിതരണക്കാരനെ താക്കീത് ചെയ്തതായും ഹ്യൂണ്ടായി അറിയിച്ചു. 

നിരവധി വർഷങ്ങളായി ഹ്യൂണ്ടായി മോട്ടോർ കമ്പനി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളോട് വിശ്വസ്തരായിരിക്കുന്നത് തുടരും. അനൌദ്യോഗികമായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ഇന്ത്യൻ ജനതയ്ക്ക് വിഷമമുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു.

Scroll to load tweet…

ഹ്യുണ്ടായ് പാകിസ്ഥാന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഐക്യദാര്‍ഢ്യ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യയില്‍ കമ്പനിക്കെതിരെ വ്യാപക പ്രചാരണം നടന്നു. ''കശ്മീരി സഹോദരന്മാരുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നമുക്ക് പിന്തുണക്കാം''-എന്നാണ് ഹ്യുണ്ടായി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്തത്. കശ്മീര്‍ വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ കമ്പനിക്കെതിരെ ഇന്ത്യയില്‍ വ്യാപക വിമര്‍ശനമുണ്ടായി. പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ഹ്യുണ്ടായി ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

ദേശീയതയെ ബഹുമാനിക്കുന്ന ശക്തമായ ധാര്‍മികതക്കൊപ്പം നില്‍ക്കുന്നുവെന്ന് ഹ്യുണ്ടായി പ്രസ്താവനയില്‍ വ്യക്തമാക്കി. 'ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ ബന്ധിപ്പിക്കുന്ന അനാവശ്യമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഈ മഹത്തായ രാജ്യത്തോടുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത പ്രതിബദ്ധതയെയും സേവനത്തെയും വേദനിപ്പിക്കുന്നു. ഹ്യുണ്ടായ് ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഭവനമാണ് ഇന്ത്യ.

ഇത്രത്തോളം വൈകാരികമായ പ്രതികരണങ്ങളോട് ഞങ്ങള്‍ സഹിഷ്ണുത കാണിക്കുന്നില്ല. അത്തരം വീക്ഷണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു''- ഹ്യുണ്ടായി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് വിവാദ ട്വീറ്റ് ഉണ്ടായത്. തുടര്‍ന്ന് കമ്പനിക്കെതിരെ ശക്തമായ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുണ്ടായി. ഹ്യുണ്ടായി കമ്പനി ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കില്‍ രാജ്യം വിടണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് മാരുതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ഹ്യുണ്ടായി.