Asianet News MalayalamAsianet News Malayalam

കശ്മീര്‍: അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് കേന്ദ്ര സര്‍ക്കാര്‍

അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസി, റോയിട്ടേഴ്സ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ തുടങ്ങിയ മാധ്യമങ്ങളാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍  ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം  നടന്നെന്ന് വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം റിപ്പോര്‍ട്ട് ചെയ്തത്. 

kashmir: international media circulate completely fabricated and incorrect news, says central govt.
Author
New Delhi, First Published Aug 12, 2019, 3:24 PM IST

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ബിബിസി, റോയിട്ടേഴ്സ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ തുടങ്ങിയ മാധ്യമങ്ങളാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍  ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം  നടന്നെന്ന് വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം റിപ്പോര്‍ട്ട് ചെയ്തത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ യാതൊരു അനിഷ്ട സംഭവങ്ങളും നടന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, കശ്മീരിലെ ഇന്‍റര്‍നെറ്റ് ബന്ധവും മറ്റ് ആശയവിനിമയ ബന്ധങ്ങളും സര്‍ക്കാര്‍ വിച്ഛേദിക്കുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

കഴിഞ്ഞ വെള്ളിയാഴ്ച ശ്രീനഗറില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധറാലി നടന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ ദൃശ്യങ്ങള്‍ സഹിതമായിരുന്നു ബിബിസിയുടെ റിപ്പോര്‍ട്ട്. പ്രതിഷേധ റാലിക്കിടെ കണ്ണീര്‍വാതകം പ്രയോഗിക്കുന്നതും ലാത്തിവീശുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വിശദീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങളെ ഖണ്ഡിച്ച ബിബിസി, കശ്മീരിലെ റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്തുവിടുമെന്ന് വ്യക്തമാക്കി. ബിബിസി സൗത്ത് ഏഷ്യ തലവന്‍ നിക്കോളോ കാരിം ആണ് പ്രതിഷേധ റാലിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സികളില്‍ ഒന്നായ റോയിട്ടേഴ്സാണ്  370 റദ്ദാക്കിയതിന് ശേഷമുള്ള കശ്മീരിലെ പ്രക്ഷോഭ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയ പശ്ചാത്തലത്തിലാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 10,000 പേര്‍ ഇന്ത്യന്‍ സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. എന്നാല്‍, റിപ്പോര്‍ട്ട് തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പ് പുറത്തിറക്കി.

വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും പ്രക്ഷോഭത്തില്‍ കഷ്ടിച്ച് 20 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ആഗസ്റ്റ് ഒമ്പതിനാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടര്‍മാരായ ദേവ്ജ്യോത് ഘൊഷാല്‍, ഫയാസ് ബുഖാരി എന്നിവര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പാകിസ്ഥാനിലെ പ്രമുഖമാധ്യമമായ ഡോണ്‍ പ്രസിദ്ധീകരിച്ചു. 

ഇതേ ദിവസം, അന്താരാഷ്ട്ര മാധ്യമങ്ങളായ അല്‍ ജസീറയും, വാഷിംഗ്ടണ്‍ പോസ്റ്റും ഈ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്താഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് നിരവധി ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ 14 കാരിയായ കശ്മീരി പെണ്‍കുട്ടി അഷ്ഫാന ഫാറൂഖ് പ്രക്ഷോഭകര്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം വെടിവച്ചെന്നും താനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ കശ്മീരില്‍നിന്ന് കൂട്ടത്തോടെ ട്രെയിനില്‍ പോകുന്ന ചിത്രങ്ങളും പുറത്തുവന്നു.

എന്നാല്‍ അന്താരാഷ്ട്രമാധ്യമങ്ങളുടെ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും താഴ്വര ശാന്തമാണന്നും ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു.  കഴിഞ്ഞ ആറ് ദിവസമായി പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ആഗസ്റ്റ് 10ന് ജമ്മു പൊലീസ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ന്യൂസ് ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു.

Follow Us:
Download App:
  • android
  • ios